രാജ്യത്ത് കുട്ടികളെ കടത്തുന്ന സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് സുപ്രീം കോടതി. ഡല്‍ഹിയില്‍ കുട്ടികളെ കടത്തുന്ന റാക്കറ്റിലെ പ്രതിക്കെതിരെ നടപടി എടുക്കണമെന്ന് ഡല്‍ഹി പൊലീസിനോട് ആവശ്യപ്പെടുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ദ്വാരകയില്‍ നവജാത ശിശുക്കളെ കടത്തിയ കേസിലാണ് ജസ്റ്റിസ് പര്‍ദിവാലയുടെ പരാമര്‍ശം. സ്ഥിതി കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണെന്നും, ഗുണ്ടാ നേതാവ് പൂജയേയും കാണാതായ മൂന്ന് കുഞ്ഞുങ്ങളേയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എല്ലാ നടപടികള്‍ സ്വീകരിക്കാനും ജസ്റ്റിസ് പര്‍ദിവാല നിര്‍ദേശിച്ചു.
'ഇത്തരത്തില്‍ മനുഷ്യക്കടത്തിനിരയാകുന്ന കുട്ടികള്‍ അവസാനം എവിടെ ചെന്നുപെടുമെന്ന് ഊഹിക്കാനാവില്ല. ഒരു പെണ്‍കുട്ടിയുടെ കാര്യത്തിലാണെങ്കില്‍ അവള്‍ അവസാനം എവിടെയായിരിക്കും എത്തിപ്പെടുകയെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കുമല്ലോ. നിര്‍ഭാഗ്യവശാല്‍, ഈ നവജാത ശിശുക്കളെ അവരുടെ മാതാപിതാക്കള്‍ തന്നെ വില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്,' ജഡ്ജ് പറഞ്ഞു.
നാലാഴ്ചകള്‍ക്ക് ശേഷം കേസ് വീണ്ടു പരിഗണിക്കുമെന്ന് അറിയിച്ച ബെഞ്ച് കേസില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ പൊലീസ് ഓഫീസറോട് ആവശ്യപ്പെടുകയും ചെയ്തു എന്ത് വില കൊടുത്തും കാണാതായ കുട്ടികളെ കണ്ടെത്തണമെന്നും റാക്കറ്റിന്റെ പ്രധാന കണ്ണിയെ അറസ്റ്റ് ചെയ്യണമെന്നും ബെഞ്ച് പറഞ്ഞു. അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ അര്‍ച്ചന പതക്ക് ദാവെയാണ് ഡല്‍ഹി പൊലീസിന് വേണ്ടി കേസില്‍ ഹാജരായത്.
കുട്ടികളെ കടത്തിയ മറ്റൊരു കേസില്‍ ഏപ്രില്‍ 15ന് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. ആ കേസില്‍ 13 പേരുടെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. കണ്ടെത്തിയ കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നും അവരുടെ വിദ്യാഭ്യാസത്തിന് തുടര്‍ച്ചയായ പിന്തുണ നല്‍കുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
രാജ്യത്തുടനീളമുള്ള മനുഷ്യക്കടത്ത് രീതികള്‍ കാലക്രമേണ മാറ്റം വരുന്നുണ്ടെന്നും ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതിനൊപ്പം വലിയ തോതില്‍ മനുഷ്യക്കടത്തിന്റെ വ്യാപനം ആവര്‍ത്തിക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.