വിവാഹത്തിന് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യാ പ്രേരണ കുറ്റമായി കണക്കാക്കില്ലെന്ന് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 306 അടിസ്ഥാനമാക്കിയാണ് സുപ്രീം കോടതി വിധി പ്രസ്‌താവിച്ചത്. മകനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തപ്പെട്ട യുവതിക്കെതിരായ കുറ്റപത്രം റദ്ദാക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വിധി.
ജസ്റ്റിസുമാരായ ബിവി നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് നിരീക്ഷണം. കാമുകനെ വിവാഹം കഴിക്കാതെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ ഇരയോട് ജീവിച്ചിരിക്കരുതെന്ന് പറയുന്നതുപോലുള്ള ഒരു പരാമർശവും ആത്മഹത്യാപ്രേരണ കുറ്റത്തിൻ്റെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.