NEWSROOM

ബുൾഡോസർ രാജിന് വീണ്ടും സുപ്രീം കോടതി വിമർശനം; 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദേശം

ബുൾഡോസറുമായി എത്തി ഒറ്റരാത്രികൊണ്ട് വീടുകൾ പൊളിക്കാൻ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്



ബുൾഡോസർ രാജ് നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. 2019ൽ സ്വകാര്യ വ്യക്തിയുടെ വീട് പൊളിച്ചതിന് ഉത്തർപ്രദേശ് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ബുൾഡോസറുമായി എത്തി ഒറ്റരാത്രികൊണ്ട് വീടുകൾ പൊളിക്കുന്ന നടപടി നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

2019ൽ മഹാരാജ്‌ഗഞ്ച് ജില്ലയിലെ വീട് തകർത്തെന്ന് ചൂണ്ടികാട്ടി മനോജ് തിബ്രേവാൾ ആകാശ് എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. അനധികൃതമായി വീട് പൊളിച്ചതിന് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്നാണ് യുപി സർക്കാരിനോട് കോടതി നിർദേശിച്ചത്.

കയ്യേറ്റങ്ങൾ തിരിച്ചറിയാൻ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, വീട് പൊളിക്കുന്നതിന് മുൻപായി ഭൂമി ഏറ്റെടുത്തെന്ന് കാണിക്കുന്ന ഒരു രേഖയും അധികാരികളുടെ കൈവശം ഉണ്ടായിരുന്നില്ല. കയ്യേറ്റത്തിൻ്റെ കൃത്യമായ വ്യാപ്തി, നിലവിലുള്ള റോഡിൻ്റെ വീതി, വിജ്ഞാപനം ചെയ്ത ഹൈവേയുടെ വീതി ഹർജിക്കാരൻ്റെ വസ്തുവിൻ്റെ വ്യാപ്തി എന്നിവ രേഖപെടുത്തിയിരുന്നില്ല. കയ്യേറ്റം ആരോപിച്ച് വീട് പൊളിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.

അനധികൃത നടപടിക്ക് ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ അന്വേഷണം നടത്താനും അച്ചടക്ക നടപടികൾ ആരംഭിക്കാനും ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. ഒറ്റ രാത്രികൊണ്ട് ബുൾഡോസറുകളുമായി വന്ന് വീടുകൾ പൊളിക്കാൻ കഴിയില്ല. ഒരു കുടുംബത്തിന് ഒഴിഞ്ഞുമാറാൻ അധികൃതർ സമയം നൽകുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, നടപടിക്രമങ്ങൾ പാലിക്കണമെന്ന് അധികൃതർക്ക് മുന്നറിയിപ്പ് നൽകി.

SCROLL FOR NEXT