NEWSROOM

"ഉത്സവങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ കൊണ്ടുവരാം"; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഉത്സവങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് നാട്ടാനകളെ കൊണ്ടുവരരുത് എന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്

Author : ന്യൂസ് ഡെസ്ക്

ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. ഉത്സവങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് നാട്ടാനകളെ കൊണ്ടുവരരുത് എന്ന ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്.


മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രം ഭാരവാഹികളുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. നാട്ടാന പരിപാലന നിയമം കേരളത്തിൽ ലംഘിക്കുന്നതായും 6 വർഷത്തിൽ 154 ആനകൾ ചെരിഞ്ഞതായും കണ്ടെത്തിയാണ് ഹൈക്കോടതി ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനയെ കൊണ്ടുവരുന്നത് തടഞ്ഞിരുന്നത്. എന്നാൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ ഉത്സവത്തിന് ആനയെ കിട്ടാത്ത അവസ്ഥ ഉണ്ടാകുമെന്ന് ഹർജിക്കാരായ മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രം ഭാരവാഹികൾ വാദിച്ചു.

കേസിലെ എല്ലാ കക്ഷികളെയും കേൾക്കാതെ എങ്ങനെയാണ് ഹൈകോടതിക്ക് സ്റ്റേ ഉത്തരവ് പുറപ്പടിവിച്ചതെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. ക്ഷേത്രം ഭാരവാഹികളുടെ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാ‍ര്‍ഡനും മൃഗസ്നേഹികളുടെ സംഘടനയ്ക്കും സുപ്രീം കോടതി നോട്ടീസയച്ചു.


ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി തടഞ്ഞത്. മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. കേരളത്തിലെ നാട്ടാനകളുടെ സ്ഥിതി പരിതാപകരമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് ഉണ്ടായ അപകടത്തിൽ ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്ന് റിപ്പോർട്ട്. അപകടത്തെ സംബന്ധിക്കുന്ന റിപ്പോർട്ട് ഫോറസ്റ്റ് കൺസർവേറ്റർ വനം മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ആക്രമണം ഉണ്ടാക്കിയ ആന മുൻപും അക്രമസ്വഭാവം കാട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.



ആനയുടെ കാലുകളിൽ ചങ്ങലയുണ്ടായിരുന്നില്ല. അക്രമം ഉണ്ടാക്കിയ ആനയ്ക്ക് മദപ്പാടിൻ്റെ ലക്ഷണം ഉണ്ടായിരുന്നു. ഇരു ആനകളും തമ്മിൽ നിയമപരമായി നിർദേശിച്ച അകലം ഉണ്ടായിരുന്നില്ല. ആനയുടെ സമീപത്ത് അലക്ഷ്യമായി പടക്കങ്ങൾ പൊട്ടിച്ചു.ശബ്ദത്തിൽ പീതാംബരൻ എന്ന ആന പ്രകോപിതനായി എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആനകളിൽ മദപാടിന് കാരണമായ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിൻ്റെ അളവ് കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT