എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ രേഖകൾ നൽകാത്തതിനെതിരെയുള്ള അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. എന്തുകൊണ്ട് അന്വേഷണ ഏജൻസിക്ക് സുതാര്യമായിക്കൂട എന്നും കോടതി ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണത്തിനിടെ പിടിച്ചെടുത്ത രേഖകൾ പ്രതികൾക്ക് നൽകാൻ ഏജൻസി വിസമ്മതിക്കുന്നത് ജീവിക്കാനുള്ള മൗലികാവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ലംഘിക്കലാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ALSO READ: ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പ്: ഉടമകളുടേയും ലീഡര്‍മാരുടേയും 33.7 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
ജസ്റ്റിസ് എ എസ് ഓക്ക, ജസ്റ്റിസ് എ അമാനുള്ള, ജസ്റ്റിസ് എ ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ആണ് അപ്പീൽ പരിഗണിച്ചത്. 2022ലെ സരള ഗുപ്ത വേഴ്സസ് ഇഡി കേസിൽ വിചാരണയ്ക്ക് മുമ്പുള്ള ഘട്ടത്തിൽ പ്രതികൾക്ക് നിർണായക രേഖകൾ അന്വേഷണ ഏജൻസി നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക കാരണത്താൽ മാത്രം പ്രതിക്ക് രേഖ നിഷേധിക്കാനാകില്ല.
ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദം ലംഘിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ ആയിരക്കണക്കിന് രേഖകൾ പിടിച്ചെടുക്കുമെങ്കിലും എല്ലാ രേഖകളും കുറ്റാരോപിതൻ ഓർമിക്കണമെന്നില്ല. അതിനാൽ അത് പ്രതിക്ക് ആവശ്യപ്പെടാം. ജാമ്യം തേടുന്നതിനോ കേസ് റദ്ദാക്കുന്നതിനോ ഒരു പ്രതിക്ക് രേഖകൾ ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ ഇത്തരമൊരു അവകാശമില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു വാദിച്ചു. പക്ഷേ കോടതി ഈ വാദം അംഗീകരിച്ചില്ല. കേസ് വിധി പറയാൻ മാറ്റി.