NEWSROOM

കർണാടക ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമർശം; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയുടെ പരാമര്‍ശത്തിലാണ് കോടതി ഇടപെടല്‍

Author : ന്യൂസ് ഡെസ്ക്


കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമര്‍ശങ്ങളില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയുടെ പരാമര്‍ശത്തിലാണ് കോടതി ഇടപെടല്‍. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കര്‍ണാടക ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചിന്റേതാണ് നടപടി.

രണ്ട് വിവാദ പ്രസ്താവനകളാണ് ജസ്റ്റിസ് വേദവ്യാസാചാറിന്റേതായി പുറത്തുവന്നത്. ബംഗളൂരുവില്‍ മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്ന സ്ഥലത്തെ 'പാകിസ്താന്‍' എന്ന് പരാമര്‍ശിച്ചതായിരുന്നു ഒന്ന്. കോടതിയില്‍ വാദത്തിനിടെ അഭിഭാഷകയ്ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതാണ് മറ്റൊന്ന്. വിവാദ പരാമര്‍ശങ്ങളുടെ ദൃശ്യങ്ങള്‍ സാമുഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിഷയത്തില്‍ സ്വമേധയാ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുന്നുവെന്ന കുറിപ്പോടെ, പ്രമുഖ അഭിഭാഷക ഇന്ദിര ജയ്‌സിങ് ഉള്‍പ്പെടെ അത് സാമുഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പിന്നാലെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍നിന്ന് ഭരണപരമായ നിര്‍ദേശങ്ങള്‍ തേടിയശേഷം, സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദേശിച്ചിരിക്കുന്നത്. 'ഈ സാമുഹ്യമാധ്യമ യുഗത്തില്‍ നമ്മളെല്ലാവരും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. യഥോചിതം നാം പെരുമാറേണ്ടതുണ്ട്' -എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഹൈക്കോടതി റിപ്പോര്‍ട്ട് കിട്ടിയശേഷം ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.



SCROLL FOR NEXT