ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട ഹർജി പരിഗണിക്കുമെന്ന് സുപ്രീംകോടതി. സമയബന്ധിതമായി രണ്ട് മാസത്തിനകം സംസ്ഥാന പദവി പുനസ്ഥാപിക്കാനുള്ള ഹർജിയാണ് പരിഗണിക്കുക. സംസ്ഥാനപദവി തിരിച്ച് നൽകുമെന്ന് വിധി വന്ന് 11 മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിരുന്നില്ല.അഡ്വക്കേറ്റ് ശങ്കരനാരായണൻ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുക.
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരായ നിരവധി ഹർജികളിൽ സുപ്രീം കോടതി നേരത്തേ വിധി പറഞ്ഞിരുന്നു. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച ഭരണഘടനാ ബെഞ്ച് കശ്മീരിന് പരമാധികാരമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട് രാഷ്ട്രപതി പുറപ്പെടുവിച്ച ഭരണഘടനാ ഉത്തരവ് കോടതി അംഗീകരിക്കുകയായിരുന്നു.
ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നല്‍കണമെന്നും ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും 2023 ആഗസ്റ്റില്‍ സുപ്രീംകോടതി കേന്ദ്രത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തിൽ , പുതിയ ഹർജിയിൽ കോടതിയുടെ നിലപാട് ഉറ്റുനോക്കുകയാണ് രാജ്യം മുഴുവനും.