NEWSROOM

'വിയോജിപ്പുണ്ടെങ്കിലും, കോടതികള്‍ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം'; പ്രതാപ് ഗഢിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

പ്രതാപ്ഗഢിക്കെതിരെ നടപടിയെടുക്കുന്നതിൽ ഗുജറാത്ത് പൊലീസ് കാണിച്ച അമിതമായ ആവേശത്തെയും കോടതി വിമർശിച്ചു

Author : ന്യൂസ് ഡെസ്ക്

കവിത എഴുതി പോസ്റ്റ് ചെയ്തതിൻ്റെ പേരിൽ എംപി ഇമ്രാൻ പ്രതാപ്‌ഗഢിക്കെതിരെയെടുത്ത കേസ് സുപ്രീം കോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതുണ്ടെന്ന് കോടതി അറിയിച്ചു. സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും സംരക്ഷിക്കാൻ കോടതികൾ മുൻപന്തിയിലായിരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ അഭയ് .എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് തള്ളിയത്. പ്രതാപ്ഗഢിക്കെതിരെ നടപടിയെടുക്കുന്നതിൽ ഗുജറാത്ത് പൊലീസ് കാണിച്ച അമിതമായ ആവേശത്തെയും കോടതി വിമർശിച്ചു.



ഭരണഘടനയുടെ ആർട്ടിക്കിൾ 19(2) പ്രകാരം ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങളെ മറികടക്കാൻ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, സംസാരത്തിന്മേലുള്ള നിയന്ത്രണങ്ങൾ "യുക്തിസഹമായിരിക്കണം, സാങ്കൽപ്പികമായിരിക്കരുത് " എന്ന് സുപ്രീം കോടതി പറഞ്ഞു. ഗുജറാത്തിലെ ജാംനഗറിൽ നടന്ന സമൂഹവിവാഹച്ചടങ്ങിനിടെ ആലപിച്ച  "ഏ ഖൂം കെ പ്യാസെ ബാത് സുനോ" കവിതയുടെ വീഡിയോ സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനെതിരെ ആയിരുന്നു എംപിക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തത്.

കവിത അശാന്തിക്ക് കാരണമാവുകയും സാമൂഹിക ഐക്യത്തെ തകർക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ജനുവരി 3നാണ് ഒരു അഭിഭാഷകൻ്റെ ക്ലാർക്ക് ജാംനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 196, 197 വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.

"മറ്റൊരാൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ വലിയൊരു വിഭാഗം ആളുകൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽപ്പോലും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള വ്യക്തിയുടെ അവകാശത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം. കവിത, നാടകം, സിനിമ, ആക്ഷേപഹാസ്യം, കല എന്നിവ ഉൾപ്പെടെയുള്ള സാഹിത്യങ്ങൾ മനുഷ്യജീവിതത്തെ കൂടുതൽ അർഥവത്താക്കുന്നു" സുപ്രീം കോടതി അറിയിച്ചു.

SCROLL FOR NEXT