സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ചതിനും സിബിഐ അറസ്റ്റിനെതിരെയും രണ്ട് വ്യത്യസ്ത ഹർജികളാണ് കെജ്‍രിവാൾ സമർപ്പിച്ചത്. കേസിൽ പുനഃപരിശോധനാ ഹർജി നൽകാൻ ഓഗസ്റ്റ് 23ന് കെജ്‍രിവാളിന് സുപ്രീം കോടതി രണ്ട് ദിവസത്തെ സമയം നൽകിയിരുന്നു.
2024 ജൂൺ 26നാണ് മദ്യനയ അഴിമതി കേസിൽ സിബിഐ കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 25 ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കെജ്‍രിവാളിനെ തിഹാര്‍ ജയിലില്‍ സി.ബി.ഐ ചോദ്യം ചെയ്യുകയും ജൂണ്‍ 26ന് കോടതി അനുമതിയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Also Read; ഇന്ത്യക്കാരല്ല; അസമിൽ പൗരത്വം ലഭിക്കാത്ത 28 ബംഗാളി മുസ്ലിങ്ങളെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി
ഡല്‍ഹി മദ്യനയ അഴിമതിയിലെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കെജ്‍രിവാളാണെന്നാണ് സിബിഐയുടെ വാദം. കേസില്‍ ആം ആദ്മി പാര്‍ട്ടിയും താനും തെറ്റ് ചെയ്തിട്ടില്ലെന്നും മദ്യ വ്യവസായത്തിലൂടെ നികുതി കൂട്ടാന്‍ മാത്രമായിരുന്നു നിര്‍ദേശം നല്‍കിയിരുന്നതെന്നുമാണ് കെജ്‌രിവാള്‍ പറയുന്നത്. കോവിഡ് കാലത്ത് കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പ് അംഗങ്ങളുടെ സ്വകാര്യ വിമാനത്തില്‍ ഡൽഹിയിൽ എത്തിയെന്നും സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നു എന്നുമാണ് സിബിഐ നിരീക്ഷണം.