NEWSROOM

ബലാത്സംഗക്കേസ്: സിദ്ദീഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി സെപ്റ്റംബര്‍ 30ന് പരിഗണിക്കും

നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിതോടെയാണ് സിദ്ദീഖ് സുപ്രീംകോടതിയെ സമീപിച്ചത്.

Author : ന്യൂസ് ഡെസ്ക്

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സെപ്റ്റംബര്‍ 30 തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ബെലെ ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ആണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്. നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിതോടെയാണ് സിദ്ദീഖ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്ക് പിന്നാലെ നടനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അറസ്റ്റ് സൂചന വന്നതിനു പിന്നാലെ നടന്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നാലെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

സിദ്ദീഖിന്‍റെ മുന്‍കൂർ ജാമ്യ ഹർജിയിൽ അതിജീവിതയും സർക്കാരും തടസഹർജികള്‍ നൽകിയതിനാൽ കോടതി നിലപാട് അനുകൂലമാകും എന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ.
അതേസമയം തന്റെ വാദം ഹൈക്കോടതി പരിഗണിച്ചില്ലെന്നും അതിജീവിത 8 വര്‍ഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സിദ്ദീഖ് പറഞ്ഞു. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയമാണ്. 2019 സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദീഖ് പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി സിദ്ദീഖിന് വേണ്ടി ഹാജരാകും. സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ അഡ്വ. രഞ്ജിത്ത് കുമാറും അതിജീവിതയ്ക്കായി അഡ്വ. ഇന്ദിര ജയ് സിങ്ങും കോടതിയിലെത്തും.

SCROLL FOR NEXT