NEWSROOM

സുപ്രീം കോടതി ജഡ്ജിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തും; ജുഡീഷ്യറി നടപടി സുതാര്യതയും പൊതുജന വിശ്വാസവും ഉറപ്പാക്കാന്‍

ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ പണം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നടപടി

Author : ന്യൂസ് ഡെസ്ക്

ജഡ്ജിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് സുപ്രീം കോടതി. ഏപ്രിൽ ഒന്നിന് നടന്ന ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനമായത്. സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാരും തങ്ങളുടെ സ്വത്തുക്കൾ ചീഫ് ജസ്റ്റിസിന് (സിജെഐ) വെളിപ്പെടുത്താനും ഈ സ്വത്തുക്കൾ കോടതിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് തീരുമാനം. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ പണം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നടപടി.


നിലവിലുള്ള നിയമങ്ങൾ പ്രകാരം, ജഡ്ജിമാർ സ്ഥാനമേൽക്കുമ്പോൾ അവരുടെ സ്വത്തുക്കൾ ചീഫ് ജസ്റ്റിസിന് മുന്നിൽ വെളിപ്പെടുത്തേണ്ടതുണ്ട്. എന്നാൽ, പൊതുജനങ്ങൾക്ക് മുന്നിൽ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തൽ നിർബന്ധമാക്കിയിട്ടില്ല. ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത് വിവാദത്തിലേക്ക് നയിച്ചിരുന്നു.

മാര്‍ച്ച് 14 ന് രാത്രി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തിനിടെയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. കത്തിയമര്‍ന്ന നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ വീഡിയോ കണ്ട് ഞെട്ടിയെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്നുമാണ് ജസ്റ്റിസ് വര്‍മയുടെ വാദം.

വിവാദങ്ങൾക്ക് പിന്നാലെ ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ സ്ഥലം മാറിയെത്തുന്ന യശ്വന്ത് വര്‍മയ്ക്ക് ഔദ്യോഗിക ഉത്തരവാദിത്തങ്ങളൊന്നും ഏല്‍പ്പിക്കരുതെന്നാണ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.സംഭവത്തിൽ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കൊളീജിയത്തിൻ്റെ നിര്‍ദേശത്തെ തുടർന്നാണ് നടപടി.

SCROLL FOR NEXT