കർണാടക ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട സിബിഐ കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. കർണാടക ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
2013 മുതൽ 2018 വരെ ശിവകുമാറും കുടുംബാംഗങ്ങളും 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐയുടെ എഫ്ഐആറിൽ പറയുന്നത്. എഫ്ഐആറിനെ ചോദ്യം ചെയ്ത് കഴിഞ്ഞ വർഷം ഒക്ടോബറിൽ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. മാത്രമല്ല, അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് സിബിഐയ്ക്ക് നിർദേശവും നൽകിയിരുന്നു. തുടർന്നാണ് ഡി.കെ. ശിവകുമാർ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദിയും, എസ്.സി. ശർമയുമാണ് ഹർജി പരിഗണിച്ചത്.