NEWSROOM

കള്ളനെ പിടിക്കാൻ മറ്റൊരു കള്ളൻ; പൂരം കലക്കൽ വിവാദത്തിലെ അന്വേഷണത്തിനെതിരെ സുരേഷ് ഗോപി

പൊലീസിനു നേരെ ഒരു പരാതി ഉണ്ടെങ്കിൽ അന്വേഷണത്തിനായി ഒരു ജഡ്ജിയെ നിയോഗിക്കണം

Author : ന്യൂസ് ഡെസ്ക്

തൃശൂർപൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എഡിജിപി എം ആർ അജിത് കുമാർ ഉൾപ്പെട്ടതിനെതിരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കള്ളനെ പിടിക്കാൻ എങ്ങനെയാണ് മറ്റൊരു കള്ളനെ നിയമിക്കുന്നതെന്നാണ് സുരേഷ് ഗോപി ചോദിച്ചത്. 

അന്വേഷണം രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും അതിന് യോഗ്യനായ വ്യക്തിയെ തന്നെ നിയമിക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 

"കള്ളനെ പിടിക്കാൻ എങ്ങനെയാണ് മറ്റൊരു കള്ളനെ നിയമിക്കുന്നത്. ഒരു കള്ളനു നേരെ പരാതി വന്നു. അത് അന്വേഷിക്കാൻ കള്ളമാരുടെ കൂട്ടത്തിലെ മികച്ച കള്ളനെ ഏൽപ്പിക്കുന്നു. പൊലീസിനു നേരെ ഒരു പരാതി ഉണ്ടെങ്കിൽ അന്വേഷണത്തിനായി ഒരു ജഡ്ജിയെ നിയോഗിക്കണം. അടുത്ത പൂരം വരെ കാത്തിരിക്കാനാവില്ല. സമയബന്ധിതമായി അന്വേഷിക്കേണ്ടതുണ്ട്. സത്യം മൂടിവെക്കപ്പെടില്ലെന്ന തരത്തിലുള്ള അന്വേഷണം നടക്കണം. കേസുമായി ബന്ധപ്പെട്ട് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണം"- സുരേഷ് ഗോപി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പൂരം കലക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുന്നത്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ നടപടികളിൽ ഉയർന്നു പരാതികളിൽ മേൽ പൊലീസ് മേധാവി അന്വേഷിച്ച് ഒരാഴ്ചകകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രി അറിയിപ്പ് നൽകിയത്. ആരോപണ വിധേയനായ എഡിജിപി അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല.

SCROLL FOR NEXT