NEWSROOM

"ആംബുലൻസിലെത്തിയത് മന്ത്രിമാരുടെ കിങ്കരന്മാർ കാർ ആക്രമിച്ചതിനാൽ"; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആംബുലൻസിൽ വന്നിറങ്ങി എന്നു പറയുന്ന ആളുടെ മൊഴിയെടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തത് എന്നും സുരേഷ് ഗോപി ചോദിച്ചു

Author : ന്യൂസ് ഡെസ്ക്


തൃശൂർ പൂരത്തിനിടെ ആംബുലൻസിൽ എത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പൂരത്തിന്റെ സമയത്ത് കാർ ആക്രമിക്കപ്പെട്ടതിനാലാണ് ആംബുലൻസിൽ കയറിയത് എന്നാണ് വിശദീകരണം. നാലഞ്ച് കിലോമീറ്റർ കാറിൽ വന്നിറങ്ങിയശേഷം മന്ത്രിമാരുടെ കിങ്കരന്മാരും ഗുണ്ടകളും തന്റെ കാറ് ആക്രമിച്ചെന്നും സുരേഷ് ഗോപി ആരോപിച്ചു. അവിടെ നിന്നും രാഷ്ട്രീയമില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാരാണ് തന്നെ രക്ഷിച്ച് ആംബുലൻസിൽ കയറ്റിയത്, ഈ വിഷയത്തിൽ മാധ്യമങ്ങൾക്ക് വിശദീകരണം തരേണ്ട ഒരു ആവശ്യമില്ല. സിബിഐ വരുമ്പോൾ അവരോട് പറയാമെന്നും സുരേഷ്‌ ഗോപി പറഞ്ഞു.

ആംബുലൻസിൻ്റെ പേര് പറഞ്ഞ് മാധ്യമങ്ങൾ ഇപ്പോഴും കളിക്കുന്നു. ആംബുലൻസിൽ വന്നിറങ്ങി എന്നു പറയുന്ന ആളുടെ മൊഴി മൊഴിയെടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്തുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. പൂരം കലക്കൽ വിവാദത്തിൽ എന്തു വേണമെങ്കിലും ചെയ്തോട്ടെ. കരുവന്നൂർ വിഷയം അട്ടിമറിക്കാൻ പൂരമല്ല എന്തുവേണമെങ്കിലും സർക്കാർ കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾക്കെതിരെയും സുരേഷ് ഗോപി വിമർശനമുന്നയിച്ചു. അമിത് ഷാ ബില്ല് കൊണ്ടുവന്നപ്പോൾ പത്രസമൂഹം എന്തുകൊണ്ട് പിന്തുണച്ചില്ല. മുനമ്പം വിഷയം പോലെ മാധ്യമങ്ങൾക്ക് സത്യം വിളിച്ചുപറയാൻ പേടിയാണോയെന്നും സുരേഷ്‌ ഗോപി ചോദിച്ചു. കോർപ്പറേറ്റീവ് നിയമം കൊണ്ടുവന്നപ്പോൾ അത് തച്ചുടയ്ക്കാനുള്ള ശ്രമം നടന്നപ്പോൾ എന്തുകൊണ്ട് ജനങ്ങളുടെ കൂടെ മാധ്യമങ്ങൾ നിന്നില്ല. ജനങ്ങളെ പിന്തുണയ്ക്കാത്തത് കൊണ്ടാണ് മാധ്യമങ്ങളെ താൻ പിന്തുണയ്ക്കാത്തത്. ഓരോ മാധ്യമ പ്രവർത്തകനും അവരുടേതായ രാഷ്ട്രീയമുണ്ട്. മാധ്യമങ്ങൾക്ക് രാഷ്ട്രീയം പ്രവർത്തിക്കാനുള്ള അവകാശമില്ല. സത്യത്തെ മാധ്യമങ്ങൾക്ക് പ്രതിഫലിപ്പിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ സ്വാതന്ത്ര്യമാണ് പി.പി. ദിവ്യയെ തരംതാഴ്ത്തണോ എന്നുള്ളത്. പൊതുജനപ്രക്ഷോഭത്തിന്റെ ഭാഗമായി ജനത പല ആവശ്യങ്ങൾ ഉന്നയിക്കും. നവീൻ ബാബുവിന്റെ വിഷയത്തിൽ താൻ അടങ്ങുന്ന പൊതുസമൂഹത്തിന്റെ ആവശ്യമാണിത്. അനീതി ഉണ്ടായിട്ടുണ്ടെങ്കിൽ നിയമമനുസരിച്ചുള്ള ശിക്ഷ വേണമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

അതേസമയം, സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. ഒറ്റത്തന്ത പ്രയോഗമൊക്കെ സിനിമയിലേ പറ്റൂ. സുരേഷ് ഗോപി സിനിമയിൽ ഉപയോഗിച്ച ഡയലോഗുകളാണ് രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത്. അത്തരം പദപ്രയോഗങ്ങളിൽ നിന്ന് കേന്ദ്രമന്ത്രി പുറകോട്ട് പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ പ്രയോഗത്തിന് മാർക്കറ്റിങ് മാനേജറാവുകയാണ് കോൺഗ്രസെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. യുഡിഎഫാണ് അത് ഏറ്റെടുക്കുന്നത്. സിനിമയിൽ സിബിഐ തരക്കേടില്ലാത്ത സാധനമാണ്. യഥാർത്ഥത്തിൽ കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം എന്താണെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ് എന്നും റിയാസ് പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെ കൂട്ടിലിട്ട തത്തയാണ് സിബിഐ. സിബിഐയുടെ വിഷയത്തിൽ സിപിഎമ്മിന് കൃത്യമായ നിലപാടുണ്ട്. ദേശീയതലത്തിൽ കോൺഗ്രസിന് നിലപാട് ഉണ്ടെങ്കിലും കേരളത്തിൽ എത്തുമ്പോൾ സുരേഷ് ഗോപിയുടെ മുദ്രാവാക്യത്തിനൊപ്പമാണ് നിൽക്കുന്നതെന്നും മന്ത്രി പരാമർശിച്ചു. ഒറ്റത്തന്ത ഡയലോഗിൽ തങ്ങളാരും മറുപടി പറയാൻ ആഗ്രഹിക്കുന്നവരല്ല. അത്തരം ഭാഷ ഉപയോഗിച്ച് മറുപടി പറയുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ല. കേന്ദ്രമന്ത്രിയെന്ന നിലയിൽ അദ്ദേഹം പറഞ്ഞതിൽ എന്തുകൊണ്ട് മറുപടി പറയുന്നില്ല എന്നുള്ളതാണ് പ്രതിപക്ഷ നേതാവും കെ.സി. വേണുഗോപാലും ചോദിക്കുന്നത്. കേന്ദ്രമന്ത്രിയായത് തൃശൂരിൽ കോൺഗ്രസ് വോട്ട് മറിച്ചുകൊടുത്തിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല കോൺഗ്രസ് കൂടിയാണ്. സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎൻഎ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഡിഎൻഎ പുറത്തുവിട്ടാൽ എത്ര കോൺഗ്രസ് നേതാക്കൾ താമര ചിഹ്നത്തിൽ വോട്ട് ചെയ്തുവെന്ന് മനസിലാക്കാം. തൃശൂരിലെ തോൽവിയിൽ എന്ത് നടപടിയാണ് കോൺഗ്രസ് എടുത്തത്. എന്തുകൊണ്ട് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.

SCROLL FOR NEXT