സുരേഷ് ഗോപി 
NEWSROOM

ആദ്യം സ്ഥലം മുഴുവന്‍ അനുവദിക്കട്ടെ; കേരളത്തിൽ എയിംസ് വരുമെന്ന് സുരേഷ് ഗോപി

എയിംസ് കേരളത്തിന് ലഭിക്കുമെന്നും വസ്തുതകള്‍ പരിശോധിച്ച് വേണം സംസാരിക്കാന്‍ എന്നും സുരേഷ് ഗോപി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മൂന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് കേരളത്തിന് ലഭിക്കുമെന്നും വസ്തുതകള്‍ പരിശോധിച്ച് വേണം സംസാരിക്കാന്‍ എന്നും സുരേഷ് ഗോപി പറഞ്ഞു.

'കേരളത്തില്‍ ചെറുപ്പക്കാരില്ലേ? സ്ത്രീകള്‍ ഇല്ലേ? ഫിഷറീസ് ഇല്ലേ? നിങ്ങള്‍ പോയി വസ്തുതകള്‍ പരിശോധിച്ച് നോക്കൂ. ബജറ്റ് പഠിക്കൂ. പ്രതിപക്ഷം ആരോപിച്ചോട്ടെ. എയിംസിന്റെ കാര്യം എന്താണ് പറഞ്ഞത്. അത് വന്നിരിക്കും. പക്ഷെ എയിംസ് വരാന്‍ സര്‍ക്കാര്‍ കൃത്യമായി സ്ഥലം അനുവദിക്കേണ്ടതുണ്ട്. എയിംസിന് എത്ര സ്ഥലമാണ് കോഴിക്കോട് എടുത്തിരിക്കുന്നത്,' സുരേഷ് ഗോപി ചോദിച്ചു.

കോഴിക്കോട് 150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ മറുപടി പറഞ്ഞപ്പോള്‍ അത്ര സ്ഥലം മതിയോ എന്നാണ് സുരേഷ് ഗോപി തിരിച്ച് ചോദിച്ചത്. എയിംസിന് മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത് നല്‍കണം. 360 ഏക്കര്‍ സ്ഥലം എങ്കിലും വേണം. എയിംസ് വന്നിരിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം നേരത്തെ സുരേഷ് ഗോപി ബജറ്റ് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ചിരുന്നു. കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാരുണ്ടായിട്ടും ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടായില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ചായിരുന്നു സുരേഷ് ഗോപിയോട് ചോദിച്ചത്. എന്നാല്‍ അവര്‍ ആരോപിച്ചോട്ടെ എന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയിരുന്നത്.

പത്ത് വര്‍ഷം മുമ്പാണ് കോഴിക്കോട് കിനാലൂരില്‍ എയിംസിനായി സ്ഥലം ഏറ്റെടുത്തത്. റോഡും കുടിവെള്ളവും ഉള്ള 200 ഏക്കര്‍ ഭൂമി നല്‍കിയാല്‍ എയിംസ് അനുവദിക്കാമെന്നായിരുന്നു 2014ല്‍ കേന്ദ്രം പരഞ്ഞിരുന്നത്. എന്നാല്‍ 2018ല്‍ കേന്ദ്രം അറിയിച്ചത് കേരളത്തിന് എയിംസ് കേന്ദ്രത്തിന്റെ പരിഗണനയിലില്ലെന്നാണ്. അതേസമയം കേരളം നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് സംസ്ഥാനത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും ഇതുവരെയും അക്കാര്യത്തില്‍ നടപടി ഉണ്ടായിട്ടില്ല.

മോദി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ കേരളം അടക്കം മിക്ക സംസ്ഥാനങ്ങള്‍ക്കും പ്രതീക്ഷിച്ചതുപോലെയുള്ള പദ്ധതികളോ ഫണ്ടോ കേന്ദ്രം അനുവദിച്ചില്ല. തമിഴ്‌നാട്, കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം ബിഹാറിന് നിറയെ പദ്ധതികളും ഫണ്ടുകളും അനുവദിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി.


SCROLL FOR NEXT