റഷ്യൻ കൂലിപ്പട്ടാളത്തിൽ മലയാളികൾ അകപ്പെട്ട സംഭവത്തില്‍ ഇടപെടൽ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൂടുതൽ ആളുകൾ കൂലിപ്പട്ടാളത്തില്‍ ഉണ്ടോയെന്ന് പരിശോധിക്കും. ഇരു രാജ്യങ്ങളുടെയും കാലാൾ പട്ടാളമായാണ് ആളുകൾ ചേരുന്നതെന്നും മോചിപ്പിക്കുന്നത് ദുഷ്ക്കരമാണെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
റഷ്യന്‍ കൂലിപ്പട്ടാളത്തില്‍പ്പെട്ട മൂന്ന് മലയാളികളെ സെപ്റ്റംബർ 14ന് നാട്ടില്‍ തിരിച്ചെത്തിച്ചിരുന്നു. റിനില്‍ തോമസ്, സന്തോഷ് ഷണ്‍മുഖന്‍, സിബി ബാബു എന്നിവരെയാണ് യുദ്ധഭൂമിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. തൃശൂർ സ്വദേശികളായ ബിനിൽ ബാബുവും ജെയ്ൻ കുര്യനും ഇപ്പോഴും യുദ്ധമുഖത്ത് തന്നെയാണ് കഴിയുന്നതെങ്കിലും, ഇരുവരെയും മോചിപ്പിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്നാണ് ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും നൽകുന്ന വിവരം.
Also Read: IMPACT | "ന്യൂസ് മലയാളത്തിന് നന്ദി"; റഷ്യൻ കൂലിപട്ടാളത്തിലെ ആദ്യ മലയാളി സംഘം തിരിച്ചെത്തി
ഓഗസ്റ്റ് 30ന് ന്യൂസ് മലയാളത്തിലൂടെയാണ് റഷ്യയിൽ കുടുങ്ങിയ മലയാളി യുവാക്കൾ നാട്ടിലേക്ക് തിരികെ മടങ്ങുന്നതിന് സഹായം അഭ്യർത്ഥിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും വാർത്തയിൽ വേഗത്തിൽ ഇടപെട്ടതോടെയാണ് 15 ദിവസത്തിനുള്ളിൽ ഇവരുടെ മോചനം സാധ്യമായത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മരിച്ച തൃശൂർ തൃക്കൂർ സ്വദേശി സന്ദീപ് ചന്ദ്രനൊപ്പമാണ് റിനിൽ തോമസ്, സന്തോഷ് ഷൺമുഖൻ, സിബി ബാബു, ജെയ്ൻ കുര്യൻ, ബിനിൽ ബാബു എന്നീ അഞ്ച് മലയാളി യുവാക്കൾ റഷ്യയിൽ എത്തിയത്.
ചെറിയ ജോലികളാണെങ്കിലും മികച്ച ശമ്പളം ലഭിക്കുമെന്നുള്ള വാഗ്ദാനം വിശ്വസിച്ചാണ് മലയാളികൾ റഷ്യയിലെത്തിയത്. ഏജന്‍റ് മുഖേന ടൂറിസ്റ്റ് വിസയിൽ എത്തിയതിന് ശേഷമാണ് ഇവർക്ക് റഷ്യൻ പൗരത്വം എടുക്കണമെന്നും സൈന്യത്തിൽ ചേരണമെന്നും മനസിലായത്. ഇക്കാര്യങ്ങൾ നാട്ടിലറിയാതിരിക്കാൻ പലരും രഹസ്യമായി സൂക്ഷിച്ചെങ്കിലും, പിന്നീട് സന്ദീപിന്‍റെ മരണ വാർത്തയോടെ പ്രശ്നങ്ങൾ ബന്ധുക്കളെ അറിയുകയായിരുന്നു.