NEWSROOM

ലക്ഷദ്വീപ് പണ്ടാരം ഭൂമിയിൽ സർവേ; ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ

പ്രതിഷേധക്കാർ തടഞ്ഞതോടെ സർവേയും കണക്കെടുപ്പും പൂർത്തീകരിക്കാതെ ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടി വന്നു. ഭൂഉടമകളുടെ സമ്മതമില്ലാതെ യാതൊരു സർവേ നടപടികളും അനുവദിക്കില്ലെന്ന നിലപാടിലാണ് ദ്വീപുകാർ

Author : ന്യൂസ് ഡെസ്ക്

ലക്ഷദ്വീപിൽ പണ്ടാരം ഭൂമിയിൽ സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് കവരത്തി, ആന്ത്രോത്ത് ദ്വീപുകളിൽ നിന്ന് ഉദ്യോഗസ്ഥർ മടങ്ങി. ഭൂമി പിടിച്ചെടുക്കുന്നതിന് ഹൈക്കോടതി സ്റ്റേ നിലനിൽക്കെയാണ് ദ്വീപ് ഭരണകൂടം പണ്ടാരം ഭൂമിയിൽ നടപടി തുടരാനെത്തിയത്.

പണ്ടാരം ഭൂമി സംബന്ധിച്ച വിഷയത്തിൽ ലക്ഷദ്വീപ് കളക്ടറെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയെ സമീപിച്ചവരെ ഒഴിവാക്കി മറ്റുള്ളവരുടെ ഭൂമിയിൽ സർവേ നടത്താനാണ് ഇന്ന് ഉദ്യോഗസ്ഥരെത്തിയത്. രാവിലെ പത്ത് മണിയോടെയാണ് പണ്ടാരം ഭൂമിയിൽ സർവേയും മരങ്ങളുടെ കണക്കെടുപ്പുമുൾപ്പെടെ നടത്താനായി വലിയ സംഘം ഉദ്യോഗസ്ഥരെത്തിയത്. താമസക്കാർക്ക് മുന്നറിയിപ്പുകള്‍ നൽകിയിരുന്നില്ല. പൊലീസ് സന്നാഹത്തോടെ ഉദ്യോസ്ഥർ എത്തിയെങ്കിലും നാട്ടുകാർ ഒറ്റക്കെട്ടായി സംഘടിക്കുകയായിരുന്നു. 

പ്രതിഷേധക്കാർ തടഞ്ഞതോടെ സർവേയും കണക്കെടുപ്പും പൂർത്തീകരിക്കാതെ ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടി വന്നു. ഭൂഉടമകളുടെ സമ്മതമില്ലാതെ യാതൊരു സർവേ നടപടികളും അനുവദിക്കില്ലെന്ന നിലപാടിലാണ് ദ്വീപുകാർ.

SCROLL FOR NEXT