NEWSROOM

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും

എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് ഹർജി പരിഗണിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയാണ് ഹർജി പരിഗണിക്കുന്നത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് അതിജീവിത വിചാരണ തുറന്ന കോടതിയിലേക്ക് മാറ്റാമെന്ന് ആവശ്യപ്പെട്ടത്.

തെറ്റായ കാര്യങ്ങളാണ് പുറത്തു പ്രചരിക്കുന്നത്. വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരണം. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിലെ വാദം അവസാനിപ്പിക്കണമെന്നും ഹർജിയില്‍ അതിജീവിത ആവശ്യപ്പെട്ടു. കേസിൽ അന്തിമവാദം ആരംഭിച്ചതിനു പിന്നാലെയാണ് നിർണായക നീക്കവുമായി അതിജീവിത എത്തുന്നത്.

അതേസമയം, കേസിലെ പ്രധാന സാക്ഷിയായിരുന്ന സംവിധായകൻ പി. ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40നായിരുന്നു അന്ത്യം. ഏറെക്കാലമായി വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

കേസിലെ പ്രതിയായ നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളാണ് കേസിൽ നിർണായകമായ വഴിത്തിരിവുണ്ടാക്കിയത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് ദിലീപിനെതിരായ ബലാത്സംഗക്കേസിൽ വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയത്. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി തുടര്‍ച്ചയായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായിരുന്നു.

SCROLL FOR NEXT