NEWSROOM

നരബലിയെന്ന് സംശയം: ചത്തീസ്ഗഢിൽ മുത്തശ്ശിയെ കൊന്ന് രക്തം ശിവലിംഗത്തിൽ അർപ്പിച്ച് യുവാവ്

നരബലിയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ മുത്തശ്ശിയെ കൊന്ന് രക്തം ശിവലിംഗത്തിൽ അർപ്പിച്ച് യുവാവ്. ഇതിനു ശേഷം ഇയാൾ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. രുക്മിണി ഗോസ്വാമി എന്ന എഴുപതുകാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകനായ ഗുൽഷൻ ഗോസ്വാമിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവം നരബലിയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

നന്ദിനി പോലീസ് സ്റ്റേഷൻ പരിധിയിലെ നങ്കട്ടി ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അന്ധവിശ്വാസത്തിൻ്റെ ഭാഗമായാണ് സംഭവം നടന്നതെന്ന് കരുതുന്നതായി പൊലീസ് സബ് ഡിവിഷണൽ ഓഫീസറായ സഞ്ജയ് പുണ്ഡിർ പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തുകയും രുക്മിണി ഗോസ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു.

ഗുൽഷൻ മുത്തശ്ശിയായ രുക്മിണിക്കൊപ്പം ശിവക്ഷേത്രത്തിനടുത്തുള്ള ഒരു മുറിയിലാണ് താമസിച്ചിരുന്നത്. ക്ഷേത്രത്തിൽ ഇയാൾ ദിവസേന പൂജകൾ നടത്താറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം, ഇയാൾ മുത്തശ്ശിയെ വീട്ടിൽ വെച്ച് ത്രിശൂലം കൊണ്ട് കൊലപ്പെടുത്തി ക്ഷേത്രത്തിലെ ശിവലിംഗത്തിൽ രക്തം അർപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാൾ അതേ ത്രിശൂലം ഉപയോഗിച്ച് സ്വയം കഴുത്തു മുറിച്ചു. നിലവിൽ ഇയാൾ റായ്പൂരിലെ എയിംസിൽ ചികിത്സയിലാണ്.

അന്ധവിശ്വാസത്തിൻ്റെ ഫലമാണെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും  ഉദ്യോഗസ്ഥൻ പറഞ്ഞു.

SCROLL FOR NEXT