ഡൽഹി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി. നിയുക്ത എംഎൽഎമാരിൽ നിന്നു തന്നെയാകും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുകയെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പർവേഷ് വർമ്മയ്ക്കാണ് മുൻതൂക്കമെങ്കിലും, വനിതാ മുഖ്യമന്ത്രിക്കായും ചർച്ചകൾ സജീവമാണ്. പ്രധാനമന്ത്രി വിദേശ സന്ദർശനം കഴിഞ്ഞെത്തിയാലുടൻ പ്രഖ്യാപനം നടത്താനാണ് നീക്കം.
രാജ്യ തലസ്ഥാനത്തെ ആര് നയിക്കും, വനിതാ മുഖ്യമന്ത്രിയോ? പൂർവാഞ്ചലിയോ? പുതുമുഖമോ? എല്ലാ കണ്ണുകളും ഇന്ദ്രപ്രസ്ഥത്തിൽ കേന്ദ്രീകരിക്കുമ്പോൾ ബിജെപി ആ സസ്പെൻസ് തുടരുകയാണ്. അഞ്ചോളം പേരുകളാണ് ബിജെപി നേതൃത്വത്തിൻ്റെ പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വർമ്മയ്ക്കാണ് പട്ടികയിൽ മുൻതൂക്കം. ബിജെപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പവൻ ശർമ്മ, മുൻ പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. വനിതാ മുഖ്യമന്ത്രിക്കായും ബിജെപിയിൽ ചർച്ചകൾ നടക്കുന്നുണ്ട്.
മുഖ്യമന്ത്രി മുഖമായി വനിതാ നിയമസഭാംഗത്തെ പരിഗണിച്ചാൽ രേഖ ഗുപ്ത, ശിഖ റോയി എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖ ഗുപ്ത വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മന്ത്രി സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയത് ശിഖാ റോയിക്ക് അനുകൂല ഘടകമാണ്. ജാതി സമവാക്യങ്ങൾക്ക് അനുസരിച്ചാകും ഉപമുഖ്യമന്ത്രി സ്ഥാനം നൽകുക. മന്ത്രിസഭയിൽ സ്ത്രീകൾക്കും ദളിത് വിഭാഗത്തിനും പ്രാധാന്യം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതിപക്ഷത്തിൻ്റെ മുഖമായി അതിഷിയെത്തുമ്പോൾ ബിജെപിയും വനിതാ മുഖ്യമന്ത്രിയെന്ന തീരുമാനത്തിലേക്ക് എത്തുകയാണെങ്കിൽ 27 വർഷത്തിന് ശേഷം സുഷമ സ്വരാജിന് പിൻഗാമിയായി മറ്റൊരു വനിത കൂടി വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
അതേസമയം മണിപ്പൂരിൽ ബിരേൻ സിങ്ങിൻ്റെ രാജിക്ക് ശേഷം ഇനിയാരാകും മുഖ്യമന്ത്രിയെന്ന ചർച്ചകൾ സജീവമാണ്. ആരാകും മുഖ്യമന്ത്രിയെന്നതിൽ ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുത്താൽ മതിയെന്നും, നിലവിൽ രാഷ്ട്രപതി ഭരണം വേണ്ടെന്നുമാണ് കേന്ദ്ര നേതൃത്വത്തിൻ്റെ ധാരണ. കുക്കി-മെയ്തെയ് വിഭാഗങ്ങൾ അംഗീകരിക്കുന്ന നേതാവിനെ കണ്ടെത്തുകയാണ് ബിജെപി നേതൃത്വത്തിനു മുന്നിലെ പ്രധാന വെല്ലുവിളി.
വംശീയ കലാപം പുകയുന്ന മണിപ്പൂരിൽ ആരാകും മുഖ്യമന്ത്രിയെന്ന ചർച്ച ഇനി ഡെൽഹി കേന്ദ്രീകരിച്ചാകും നടക്കുക. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള സംബിത് പാത്ര എംപി മണിപ്പൂരിലെ എംഎൽഎമാരും നേതാക്കളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തുടർയോഗങ്ങൾ ഡൽഹിയിലേക്ക് മാറ്റിയത്. എംഎൽഎമാർക്കും വിവിധ ജനവിഭാഗങ്ങൾക്കും സ്വീകാര്യനാകണം പുതിയ മുഖ്യമന്ത്രിയെന്നതാണ് ബിജെപിക്ക് മുന്നിലെ പ്രധാന വെല്ലുവിളി.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ബിരേൻ സിങ്ങിനെ അനുനയിപ്പിച്ച് വേണം ബിജെപിക്ക് മണിപ്പൂരിൽ പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ. ബിരേൻ സിങ്ങിനെ പിന്തുണയ്ക്കുന്ന തീവ്ര മെയ്തെയ് സംഘടനകളുടെ പ്രതിഷേധം രൂക്ഷമാകുമെന്ന സൂചനയെത്തുടർന്ന് ഇംഫാൽ താഴ്‌വരയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.