NEWSROOM

എന്‍. പ്രശാന്ത് ഐഎഎസ് മറുപടി നല്‍കാത്തത് ചട്ടലംഘനം; സസ്‌പെന്‍ഷന്‍ 120 ദിവസം കൂടി നീട്ടി

കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നല്‍കിയിരുന്നില്ല. പകരം ചീഫ് സെക്രട്ടറിക്ക് തിരിച്ച് ചോദ്യങ്ങള്‍  അയക്കുകയായിരുന്നു ചെയ്തത്.

Author : ന്യൂസ് ഡെസ്ക്


അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തില്‍, കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടി. റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. കുറ്റാരോപണ മെമ്മോയ്ക്ക് എന്‍ പ്രശാന്ത് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനമാണെന്ന് റിവ്യൂ കമ്മിറ്റി വിലയിരുത്തി.

കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഐഎഎസ് മറുപടി നല്‍കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. അതിന് ശേഷം രേഖകള്‍ പരിശോധിക്കാന്‍ പ്രശാന്തിന് അവസരമുണ്ടാകും. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നല്‍കിയിരുന്നില്ല. പകരം ചീഫ് സെക്രട്ടറിക്ക് തിരിച്ച് ചോദ്യങ്ങള്‍  അയക്കുകയായിരുന്നു ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും, ചട്ടലംഘനമില്ലെന്നുമായിരുന്നു എന്‍. പ്രശാന്തിന്റെ വാദം. ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തതെന്നും, വിശദീകരണം ചോദിക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ. ഗോപാലകൃഷ്ണനേയും അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനേയും ഉന്നമിട്ടാണ് എന്‍. പ്രശാന്ത് ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചത്. ജയതിലകിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നും പ്രശാന്ത് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി. ജയതിലകിനെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യും. വിവരാവകാശ പ്രകാരം പൊതുജനത്തിന് അറിയാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമായിരിക്കും ഇപ്പോള്‍ വെളിപ്പെടുത്തുക. സര്‍ക്കാര്‍ ഫയലുകള്‍ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടി വരുന്നത് ഇഷ്ടമല്ലെങ്കിലും, തല്‍ക്കാലം വേറെ നിര്‍വാഹമില്ലെന്നും പ്രശാന്ത് പറയുന്നു.

അതേസമയം മല്ലു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. ഐഎഎസ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.

SCROLL FOR NEXT