NEWSROOM

"ഈ വൃത്തികെട്ട സമ്മാനം എന്തുചെയ്യണമെന്ന് അദ്ദേഹത്തോട് ചോദിക്കും"; കെജ്‌രിവാളിൻ്റെ വസതിക്ക് മുന്നിൽ മാലിന്യം നിക്ഷേപിച്ച് സ്വാതി മലിവാൾ

കെജ്‌രിവാളിൻ്റെ കാരിക്കേച്ചറുമായി വന്നാണ് മാലിന്യം വലിച്ചെറിഞ്ഞത്

Author : ന്യൂസ് ഡെസ്ക്

യമുനയിലെ വിഷജല വിവാദത്തിനിടെ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രതിഷേധവുമായി രാജ്യസഭാംഗം സ്വാതി മലിവാൾ. അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിക്ക് മുന്നിൽ മാലിന്യ കൂമ്പാരം നിക്ഷേപിച്ചാണ് പ്രതിഷേധം. കെജ്‌രിവാളിൻ്റെ കാരിക്കേച്ചറുമായി വന്നാണ് മാലിന്യം വലിച്ചെറിഞ്ഞത്. ഫെബ്രുവരി അഞ്ചിന് ഡൽഹി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിഷേധം.

പ്രദേശവാസികൾക്കൊപ്പമാണ് മലിവാൾ ആദ്യം വികാസ്പുരി പ്രദേശത്തെ മാലിന്യക്കൂമ്പാരം സന്ദർശിച്ചത്. തുടർന്ന് എഎപി മേധാവിയെ വിമർശിച്ചുകൊണ്ട് “ഞങ്ങൾ ഈ മാലിന്യം അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിലേക്ക് കൊണ്ടുപോകും, ​​ഡൽഹിയിലെ എല്ലാ പ്രദേശങ്ങൾക്കും അദ്ദേഹം നൽകിയ ഈ വൃത്തികെട്ട സമ്മാനം എന്തുചെയ്യണമെന്ന് അദ്ദേഹത്തോട് ചോദിക്കും," എന്ന് പറഞ്ഞു.

ഡൽഹിയിലെ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും വഷളായതായി മലിവാൾ വിമർശിച്ചു. വികാസ്പുരിയിലെ സ്ത്രീകളുടെ പരാതികൾ ചൂണ്ടിക്കാട്ടിയ അവർ, പ്രാദേശിക നിയമസഭാംഗത്തോട് ഒന്നിലധികം പരാതികൾ നൽകിയിട്ടും തങ്ങളുടെ റോഡിൽ മാലിന്യ കൂമ്പാരം രൂപപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു. ഡൽഹിയുടെ മുക്കും മൂലയും മലിനമാണ്, റോഡുകൾ തകർന്നു, അഴുക്കുചാലുകൾ കവിഞ്ഞൊഴുകുകയാണ്, മലിവാൾ പറഞ്ഞു.

SCROLL FOR NEXT