NEWSROOM

സിറിയന്‍ ആഭ്യന്തര സംഘര്‍ഷം: ഹോംസും പിടിച്ചടക്കുന്നു; ദമാസ്‌കസ് ലക്ഷ്യമാക്കി വിമതര്‍

ജോര്‍ദാന് സമീപത്തെ ദാരയിലെ ദക്ഷിണ പ്രദേശങ്ങളും കൈയ്യടക്കിയെന്ന് ശനിയാഴ്ച വിമതരുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസ് ലക്ഷ്യമാക്കി വിമതരുടെ സംഘം. ഹോംസ് നഗരത്തിലേക്ക് കടക്കുന്ന വിമതര്‍ പ്രാന്തപ്രദേശങ്ങള്‍ ഇതിനകം കൈയ്യേറിയിട്ടുണ്ട്.

'ഹോംസ് നഗരത്തിലെ പ്രാന്ത പ്രദേശങ്ങളിലായുള്ള ഗ്രാമങ്ങള്‍ മുഴുവന്‍ കൈയ്യടക്കി കഴിഞ്ഞിരിക്കുന്നു. ഇനി അതിര്‍ത്തി കടക്കുകയാണ്,' ടെലഗ്രാമിലൂടെ സംഘം അറിയിച്ചു.

ജോര്‍ദാന് സമീപത്തെ ദാരയിലെ ദക്ഷിണ പ്രദേശങ്ങളും കൈയ്യടക്കിയെന്ന് ശനിയാഴ്ച വിമതരുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന് റഷ്യയും ഇറാനും പിന്തുണ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിമത സംഘം ദമാസ്‌കസ് ലക്ഷ്യമാക്കി കൈയ്യേറ്റം തുടര്‍ന്നതോടെ ഹോംസ് നഗരത്തില്‍ നിന്നടക്കം നിരവധി പേര്‍ കൂട്ട പലായനം നടത്തുകയാണ്.

മറ്റ് നിരവധി സിറിയന്‍ നഗരങ്ങളുടെ നിയന്ത്രണം ഇതിനോടകം തന്നെ സര്‍ക്കാരിനു നഷ്ടമായിക്കഴിഞ്ഞു. പല നഗരങ്ങളും ഒരു വെടിയുണ്ട പോലും ഉതിര്‍ക്കാതെയാണ് വിമതര്‍ പിടിച്ചടക്കിയിരിക്കുന്നത്. 2011ല്‍ ആഭ്യന്തരയുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.

ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിറിയയില്‍ നിന്ന് എത്രയും പെട്ടന്ന് പോകണമെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ സിറിയയില്‍ ഉള്ള എല്ലാ ഇന്ത്യാക്കാരോടും ദമാസ്‌കസലിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താനും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

SCROLL FOR NEXT