NEWSROOM

ലബനനിലെ സിറിയന്‍ അഭയാർഥികള്‍ തെരുവില്‍; പലായനം ഇനിയെങ്ങോട്ടെന്നറിയാതെ...

മരത്തണലുകളില്‍ കൂട്ടമായിരിക്കുമ്പോള്‍, ഭാവിയെക്കുറിച്ച് ഇനിയും അറിവെത്താത്ത കുഞ്ഞുങ്ങള്‍ പിക്നിക്കിന് വന്ന ആഹ്ളാദത്തില്‍ ഓടി കളിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ഹിസ്ബുള്ളയുടെ തലയറ്റതോടെ ഇനിയെന്തെന്ന പരിഭ്രാന്തിയിലാണ് ലബനന്‍. ദിവസവും ആയിരങ്ങള്‍ ബെയ്റൂട്ടിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് പാലായനം ചെയ്യുന്നു. എന്നാല്‍, അതിനുപോലും മാർഗമില്ലാതെ തെരുവോരങ്ങളില്‍ ഉറങ്ങുന്ന ചിലരുണ്ട്. ഒരു കാലത്ത് ലബനന്‍റെ സുരക്ഷ തേടിവന്ന സിറിയന്‍ അഭയാർഥികള്‍.

"സിറിയയില്‍ നിന്ന് പലായനം ചെയ്തവനാണ് ഞാന്‍, ഇന്നിപ്പോള്‍ ദഹിയയില്‍ നിന്നും ഓടേണ്ടിവരുന്നു. ഇനിയെങ്ങോട്ട് പോകും എന്നറിയില്ല. ഇനിയെന്ത് വിധിയാണ് കാത്തിരിക്കുന്നതെന്നും അറിയില്ല."

ബെയ്റൂട്ടിലെ ഡൗണ്‍ ടൗണ്‍ സിറ്റി സ്ക്വയറിന് മുന്നില്‍ നിന്നാണ് റയീദ് അലി ഇത് പറയുന്നത്.

അഞ്ച് പെണ്‍മക്കളാണ് റയീദിനുള്ളത്. വർഷങ്ങള്‍ക്ക് മുന്‍പ് സിറിയയില്‍ നിന്ന് ലെബനനിലേക്ക് അഭയം തേടി വന്നവരാണ് റയീദും, സഹോദരനും, അവരുടെ കുടുംബങ്ങളും. ബെയ്റൂട്ടിലേക്ക് കടന്ന് ഇസ്രയേല്‍ ആക്രമണമാരംഭിച്ചതോടെ ദഹിയയിലെ വീടുപേക്ഷിച്ച് കൂട്ടത്തോടെ അവർ തെരുവിലേക്കിറങ്ങി. റയീദിനെപ്പോലെ മറ്റനേകം സിറിയന്‍ അഭയാർഥി കുടുംബങ്ങള്‍ ബെയ്റൂട്ടിലെ സിറ്റി സ്ക്വയറില്‍ താത്കാലിക അഭയം തേടിയിരിക്കുകയാണ്. ഉപേക്ഷിച്ച് പോന്ന സ്വന്തം മണ്ണിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും അവർക്കാകുന്നില്ല.

മൂന്ന് - നാല് വർഷമായി ലബനനിലേക്ക് വന്നിട്ട്. ഇപ്പോഴിവിടെയും പ്രശ്നം. പുലർച്ചെ വീടിന് മുകളില്‍ മിസെെല്‍ പതിച്ചതാണ് ഓർമ. കുട്ടികളുമായി റോഡിലേക്ക് ഓടി. ഇന്നു വരെ സമ്പാദിച്ചതെല്ലാം ഉപേക്ഷിച്ച്. ഇവിടെ വന്ന് മറ്റുള്ളവർക്കൊപ്പമിരുന്നു. വേറെയെങ്ങോട്ട് പോകാനാണ്. ബുർജ് എൽ- ബരാജ്നെയില്‍ നിന്ന് പാലായനം ചെയ്ത മുഹമ്മദ് അമിൻ പറയുന്നു.

റോഡരികില്‍ നിരത്തിവെച്ചിരിക്കുന്ന ഭാണ്ഡക്കെട്ടുകള്‍ മാത്രമാണ് പലർക്കും അവശേഷിക്കുന്ന സമ്പാദ്യം. മരത്തണലുകളില്‍ കൂട്ടമായിരിക്കുമ്പോള്‍, ഭാവിയെക്കുറിച്ച് ഇനിയും അറിവെത്താത്ത കുഞ്ഞുങ്ങള്‍ പിക്നിക്കിന് വന്ന ആഹ്ളാദത്തില്‍ ഓടി കളിക്കുകയാണ്.

SCROLL FOR NEXT