ശ്രീലങ്കയ്‌ക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിൽ സൂര്യകുമാർ യാദവ് ഇന്ത്യൻ ക്യാപ്റ്റനാകും. ഹാർദിക് പാണ്ഡ്യയെ മറികടന്ന് ഇന്ത്യൻ നായകനായി കോച്ച് ഗൗതം ഗംഭീർ തിരഞ്ഞെടുത്തത് സൂര്യയെ ആണ്. ശ്രീലങ്കൻ പര്യടനത്തിനുള്ള ടി20 ടീമിൽ ഹാർദിക്കും ഇടം നേടിയിട്ടുണ്ട്. സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ടി20 ലോകകപ്പിന് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസൺ ടി20 പരമ്പരയിൽ മാത്രമാണ് ഇടം പിടിച്ചത്. റിഷഭ് പന്തിന് പുറമെയാണ് വിക്കറ്റ് കീപ്പറായി സഞ്ജു ടീമിലെത്തിയത്.
ടി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്ടൻ), യശസ്വി ജെയ്‌സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയി , അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മൊഹമ്മദ്. സിറാജ്.
ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്ടൻ), വിരാട് കോഹ്ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.
നേരത്തെ ഹാർദിക് പാണ്ഡ്യയോ സൂര്യകുമാർ യാദവോ ആണോ ക്യാപ്റ്റനാവുക എന്ന കാര്യത്തിൽ വ്യാപകമായ ചർച്ചകൾ പുരോഗമിക്കവെ, ബിസിസിഐക്ക് മുന്നിൽ കോച്ച് ഗൗതം ഗംഭീർ നിർണായകമായ നിർദേശങ്ങൾ വെച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ടീം പ്രഖ്യാപനത്തിന് മുന്നോടിയായി ബിസിസിഐ അംഗങ്ങളുമായി നടത്തിയ അനൗദ്യോഗിക ഫോൺ സംഭാഷണത്തിലാണ് തൻ്റെ ആവശ്യങ്ങൾ ഗംഭീർ മുന്നോട്ടുവെച്ചതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ടി20യിൽ തനിക്ക് ലഭിക്കുന്ന ക്യാപ്റ്റന് പരിക്കുകൾ വലയ്ക്കുകയില്ലെന്ന് ഉറപ്പാക്കണമെന്നും, ജോലി ഭാരം കുറഞ്ഞയാളെയാണ് ക്യാപ്റ്റനായി അഭികാമ്യമെന്നും അത് ഭാവിയിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നും ഗംഭീർ സൂചിപ്പിച്ചു. സൂര്യകുമാറിനെ പ്രത്യക്ഷത്തിൽ പിന്തുണച്ചില്ലെങ്കിലും തനിക്ക് ആവശ്യമുള്ള നായകൻ്റെ യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ ചീറ് സെലക്ടർ അജിത് അഗാർക്കറിനെ ബോധിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ഏറ്റവും പുതിയ ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് രണ്ടാമതായി. യശസ്വി ജെയ്സ്വാൾ ആറാമതും, റുതുരാജ് ഗെയ്ക്‌വാദ് എട്ടാമതുമാണ്. സിംബാബ്‌വെ പര്യടനത്തിൽ നാല് സ്ഥാനങ്ങൾ മുന്നോട്ടു കയറിയാണ് ജെയ്സ്വാൾ ആറാമനായത്. പരമ്പരയിൽ 141 റൺസുമായി തകർപ്പൻ പ്രകടനമാണ് യശസ്വി പുറത്തെടുത്തത്.