NEWSROOM

താളകുലപതി അരങ്ങൊഴിഞ്ഞു; കണ്ണീരൊഴുക്കി സംഗീത ലോകം

നീണ്ട തലമുടിയിട്ടാട്ടി.. തബലയിൽ വേഗവിരലുകളാൽ മാസ്മരികമായ താളപ്പെരുക്കങ്ങൾ തീർക്കുന്ന മജീഷ്യനായിരുന്നു സാക്കിർ

Author : ന്യൂസ് ഡെസ്ക്


തബലയിലെ മാന്ത്രിക വിരല്‍സ്പര്‍ശത്തിലൂടെ ഒരു തലമുറയെ തന്നെ ആനന്ദിപ്പിച്ച സാക്കിർ ഹുസൈൻ കേരളവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കേരളത്തിലെ താളവാദ്യങ്ങളുമായി വലിയ അടുപ്പമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. മോഹൻലാലിൻ്റെ കരിയർ ബെസ്റ്റ് വേഷങ്ങളിലൊന്നായ 'വാനപ്രസ്ഥം' എന്ന ചിത്രത്തിന് സംഗീതം നല്‍കിയത് സാക്കിര്‍ ഹുസൈനായിരുന്നു. ആ ചിത്രത്തിനൊപ്പം അതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


തബലയെ ലോകപ്രശസ്തിയിലേക്ക്‌ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. നീണ്ട തലമുടിയിട്ടാട്ടി.. തബലയിൽ വേഗവിരലുകളാൽ മാസ്മരികമായ താളപ്പെരുക്കങ്ങൾ തീർക്കുന്ന മജീഷ്യനായിരുന്നു സാക്കിർ. പണ്ട് ദൂരദർശൻ മാത്രം പ്രചാരത്തിലിരുന്ന കാലത്ത് ദേശീയ ചാനലുകളിൽ പലവട്ടം സാക്കിറിൻ്റെ തബല വാദനം പ്രത്യക്ഷപ്പെട്ടിരുന്നു. അതിനാൽ തന്നെ പഴയ തലമുറയ്ക്ക് ഏറെ പരിചിതമായ മുഖം കൂടിയാണ് അദ്ദേഹത്തിൻ്റേത്. താജ് മഹൽ തേയിലയുടെ പരസ്യത്തിൽ അഭിനയിച്ച് "അരേ ഹുസൂർ, വാഹ് താജ് ബോലിയേ" എന്ന ഒറ്റ ഡയലോഗിലൂടെയും അദ്ദേഹം ഇന്ത്യക്കാർക്കിടയിൽ പ്രശസ്തനായിരുന്നു. ആ പരസ്യത്തിൻ്റെ സംഗീതവും നിർവഹിച്ചത് സാക്കിർ ഹുസൈനായിരുന്നു.


മൂന്നാം വയസ് മുതൽക്കേ പാത്രങ്ങളിലും മേശകളിലും താളമിട്ട് തുടങ്ങിയതാണ് സാക്കിർ ഹുസൈൻ. താളബോധം തിരിച്ചറിഞ്ഞ പിതാവ് ഏഴാം വയസ് മുതൽക്ക് ചിട്ടയായി തബല വാദനം അഭ്യസിപ്പിച്ചു. വിഖ്യാത തബലവാദകന്‍ ഉസ്‌താദ്‌ അല്ലാ രഖാ ഖുറേഷിയുടെയും ബാവി ബീഗത്തിന്റെയും മകനായി 1951 മാര്‍ച്ച്‌ 9ന് മുംബൈയിലെ പ്രാന്തപ്രദേശമായ മാഹിമിലാണു സാക്കിർ ഹുസൈൻ ജനിച്ചത്‌.


സരോദ്‌ വാദകനായ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന് പകരക്കാരനായാണ് തുടങ്ങിയത്. 12ാം വയസിൽ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം തബലയിൽ സ്വതന്ത്രനായി അരങ്ങേറ്റവും കുറിച്ചു. മഹാന്മാരായ സിത്താര്‍ വാദകന്‍ ഉസ്‌താദ്‌ അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ഷഹനായി ചക്രവര്‍ത്തി ബിസ്‌മില്ലാ ഖാന്‍ എന്നിവർക്കൊപ്പം രണ്ടു ദിവസം കച്ചേരികളിൽ തബല വായിച്ചു കാണികളെ വിസ്മയിപ്പിച്ചു.


മുംബൈ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിർ ഹുസൈന്‍ 1970ല്‍ യുഎസിൽ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം 18ാം വയസില്‍ കച്ചേരി അവതരിപ്പിച്ചു. വാഷിങ്‌ടൺ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ അസി. പ്രൊഫസറായി ചുമതലയേൽക്കുമ്പോൾ പ്രായം 19 മാത്രമായിരുന്നു. പിന്നീടങ്ങോട്ടേക്ക് ലോകമെമ്പാടും ഓടി നടന്ന് അദ്ദേഹം സംഗീത സപര്യ തുടർന്നു. വർഷത്തിൽ 150ലേറെ ദിവസങ്ങളിലും സാക്കിർ ഹുസൈൻ കച്ചേരികള്‍ നടത്തി. ലോകോത്തര സംഗീതജ്ഞരുമായി ചേർന്നു നിരവധി സംഗീത ആൽബങ്ങളൊരുക്കി. 1974ൽ 'ശക്തി' എന്ന ഫ്യൂഷന്‍ സംഗീത ബാന്‍ഡിനും രൂപം നൽകി. വയലിനിസ്റ്റ്‌ എല്‍.ശങ്കര്‍, ഗിറ്റാറിസ്റ്റ്‌ ജോണ്‍ മക്‌ലോലിൻ, മൃംദംഗ വാദകന്‍ റാംനന്ദ്‌ രാഘവ്‌, ഘടം വാദകന്‍ വിക്കു വിനായകറാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള താളവാദ്യ വിദഗ്‌ധരെ കൂട്ടിയിണക്കി 'പ്ലാനറ്റ്‌ ഡ്രം' എന്ന പേരില്‍ യുഎസ് താളവാദ്യ വിദഗ്‌ധന്‍ മിക്കി ഹാര്‍ട്ട് തയാറാക്കിയ ആല്‍ബത്തില്‍ ഇന്ത്യയില്‍ നിന്നും ഘടം ആർട്ടിസ്റ്റ് വിക്കു വിനായക റാമിനൊപ്പം സാക്കിർ ഹുസൈനും ഉണ്ടായിരുന്നു. 1991ൽ ലോകത്തിലെ മികച്ച സംഗീത ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ഈ ആൽബത്തിലൂടെ ആദ്യമായി സാക്കിർ ഹുസൈനെ തേടിയെത്തി. മിക്കി ഹാര്‍ട്ട്, സാക്കിർ ഹുസൈന്‍, നൈജീരിയന്‍ താളവാദ്യ വിദഗ്‌ധന്‍ സിക്കിരു അഡെപൊജു, ലാറ്റിന്‍ താള വിദഗ്‌ധന്‍ ഗിയോവനി ഹിഡാല്‍ഗോ എന്നിവരുമായി ചേര്‍ന്ന ഗ്ലോബല്‍ ഡ്രം പ്രോജക്‌റ്റിന്‌ കണ്ടംപെററി വേള്‍ഡ് മ്യൂസിക്‌ ആല്‍ബത്തിനുള്ള ഗ്രാമി പുരസ്കാരം 2009ല്‍ ഒരിക്കൽ കൂടി ലഭിച്ചു.


ഐതിഹാസിക പോപ്പ് ബാന്‍ഡ് 'ദി ബീറ്റില്‍സ്' ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായും അദ്ദേഹം സഹകരിച്ചിട്ടുണ്ട്. 1999ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്. കഥക് നര്‍ത്തകിയും അധ്യാപികയുമായ അൻ്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.

SCROLL FOR NEXT