NEWSROOM

ആ വിരലുകൾ നിശ്ചലമായി...; തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

ഏഴാം വയസ്സിൽ സരോദ്‌ വിദഗ്‌ധന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനൊടോപ്പം ഏതാനം മണിക്കൂര്‍ അച്ഛന്‌ പകരക്കാരനായി തബല വായിച്ച് അദ്ദേഹം സംഗീത ലോകത്തേക്കുള്ള തൻ്റെ വരവറിയിച്ചു.

Author : ന്യൂസ് ഡെസ്ക്




ലോകപ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. എഴുപത്തി മൂന്ന് വയസായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. വിട വാങ്ങുന്നത് തബലയെ ലോകപ്രശസ്തിയിലേക്ക് ഉയർത്തിയ വിഖ്യാത കലാകാരൻ.


ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന് സമ​ഗ്ര സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭ. ചെറു പ്രായത്തിൽ തന്നെ സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം. ഏഴാം വയസ്സിൽ സരോദ്‌ വിദഗ്‌ധന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനൊടോപ്പം ഏതാനം മണിക്കൂര്‍ അച്ഛന്‌ പകരക്കാരനായി തബല വായിച്ച് അദ്ദേഹം സംഗീത ലോകത്തേക്കുള്ള തൻ്റെ വരവറിയിച്ചു.



1951-ൽ മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്ന് വയസ് മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചു തുടങ്ങി.പ്രശസ്ത സംഗീതജ്ഞനായ പിതാവ് അല്ലാ രഖായുടെ കൈപിടിച്ച് സംഗീത ലോകത്തേക്ക് കടന്നുവന്നു. 12-ാം വയസ് മുതല്‍ കച്ചേരികളും അവതരിപ്പിക്കാന്‍ തുടങ്ങി.ധോൽ, ധോലക്, ഖോ, ദുഗ്ഗി, നാൽ എന്നിവ അതീവ ചാതുര്യത്തോടെ വായിച്ചിരുന്നു.

അടുക്കള സാമ​ഗ്രികൾ പോലും ഉപയോ​ഗിച്ച് താളമുണ്ടാക്കുന്ന ഉസ്താദ് സാക്കിർ ഹുസൈന് ഇന്ത്യയിലും വിദേശത്തും വലിയ ആരാധക വൃന്ദം ഉണ്ടായിരുന്നു. ആദ്യ ആൽബം ലിവിം​ഗ് ഇൻ ദ മെറ്റീരിയൽ വേൾഡ് 1973 ലാണ് റിലീസ് ചെയ്യുന്നത്. 1999-ൽ യുഎസിലെ പരമ്പരാഗത കലാകാരന്മാർക്കും സംഗീതജ്ഞർക്കും നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി അന്താരാഷ്‌ട്രതലത്തിലും അദ്ദേഹം അംഗീകരിക്കപ്പെട്ടു. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്.

1988-ൽ പത്മശ്രീയും, 2002-ൽ പത്മഭൂഷണും, 2023-ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. നാല് തവണ ഗ്രാമി അവാർഡും നേടിയിട്ടുണ്ട്. കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ​ഗ്ലോബൽ മ്യൂസിക് പെർഫോമൻസ്, മികച്ച ​ഗ്ലോബൽ മ്യൂസിക് ആൽബം, മികച്ച കണ്ടംപററി മ്യൂസിക് ആൽബം എന്നീ വിഭാ​ഗങ്ങളിൽ മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചു.

കേരളത്തോടും താളവാദ്യങ്ങളോടും എന്നും അദ്ദേഹം പ്രത്യേകമായ ആത്മബന്ധം പുലർത്തിയിരുന്നു. 2017ല്‍ പെരുവനം ഗ്രാമം സന്ദര്‍ശിച്ച സാക്കിര്‍ ഹുസൈന് വലിയ സ്വീകരണമാണ് ലഭിച്ചത്. പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എന്നിവര്‍ക്കൊപ്പം വേദിയും പങ്കിട്ടിരുന്നു. മലയാളത്തിലെ വാനപ്രസ്ഥം, മൻ്റോ,മിസ്റ്റര്‍ ആൻ്റ് മിസിസ് അയ്യര്‍ എന്നിവയുള്‍പ്പെടെ ഏതാനം സിനിമകള്‍ക്കും നിരവധി പരസ്യ ചിത്രങ്ങൾക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആൻ്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. പ്രശസ്‌ത കഥക്‌ നര്‍ത്തകി അൻ്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.

തബലയിൽ വിസ്മയം തീർക്കാൻ ഇനി അയാളില്ല. ബയാനിൽ മാസ്മരിക സംഗീതത്തിൻ്റെ താളം പിടിക്കുന്ന ആ വേഗവിരലുകൾ ഇനി നിശ്ചലം. എങ്കിലും ഓർമയിലെ സംഗീതത്തിൽ ആ താളം അനശ്വരമായി തുടരും.

SCROLL FOR NEXT