NEWSROOM

തായ്‌വാന്‍ സ്വാതന്ത്ര്യവാദികള്‍ക്ക് വധശിക്ഷ നല്‍കും; ഭീഷണിയുമായി ചൈന

ഇതിനു മുന്‍പ് ഇപ്പോഴത്തെ തായ്‌വാന്‍ ഉപരാഷ്ട്രപതിക്കെതിരെ ചൈന ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

തായ്‌വാന്‍ സ്വാതന്ത്രവാദം തീവ്രമായി ഉന്നയിക്കുന്ന വിഘടനവാദികളെ വധശിക്ഷയ്ക്ക് വിധിക്കുമെന്ന ഭീഷണിയുമായി ചൈന. എന്നാല്‍ ഇതിനുള്ള അധികാരം ചൈനീസ് കോടതികള്‍ക്കില്ല. തായ്‌വാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലുള്ള സാഹചര്യത്തില്‍ ചൈനയുടെ ഭീഷണി സമ്മര്‍ദ തന്ത്രമായാണ് അവര്‍ കാണുന്നത്.

തായ്‌വാനെ തങ്ങളുടെ പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന രാജ്യമായാണ് ചൈന കാണുന്നത്. 2024 ല്‍ തായ്‌വാന്‍ പ്രസിഡന്‍റായി ലായ് ചിങ് തെ അധികാരത്തിലെത്തിയ ഉടനെ തന്നെ തായ്വാന്‍ അതിര്‍ത്തിയില്‍ ദ്വിദിന സൈനിക പരിശീലനവുമായി ചൈനയെത്തിയിരുന്നു. 2024-A എന്ന് പേരിട്ടിരുന്ന ഈ പരിശീലന പരിപാടി ഇനിയും വരാനിരിക്കുന്ന പരിശീലനങ്ങളുടെ തുടക്കമായാണ് കണക്കാക്കിയിരുന്നത്. തീവ്ര തായ്‌വാന്‍ സ്വാതന്ത്ര്യവാദിയായ ലായ്‌യുടെ സ്ഥാനാരോഹണം ചൈനയെ വലിയ തോതില്‍ അലോസരപ്പെടുത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നവണ്ണം വ്യാപാര ഉപരോധങ്ങളും, തായ്‌വാന്‍ ദ്വീപ് പ്രദേശത്തിനോട് ചേര്‍ന്ന് ചൈനീസ് കോസ്റ്റ് ഗാര്‍ഡിന്‍റെ പട്രോളിങ്ങുകളും നടന്നുവരുന്നതിന് പിന്നാലെയാണ് ഭീഷണി.

ചൈനീസ് കോടതികള്‍, പ്രോസിക്യൂട്ടര്‍മാര്‍, സ്വകാര്യ-സര്‍ക്കാര്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവര്‍ രാജ്യത്തിനകത്ത് പിളര്‍പ്പുണ്ടാക്കും. ചൈനയില്‍ നിന്നും വിട്ടുപോകാന്‍ പ്രേരിപ്പിക്കുന്ന തീവ്ര തായ്‌വാന്‍ സ്വാതന്ത്രവാദികള്‍ക്ക് പരമാവധി ശിക്ഷ നല്‍കി രാജ്യത്തിന്‍റെ മേല്‍ക്കോയ്മയും സമത്വവും അഖണ്ഡതയും കാത്തു രക്ഷിക്കണമെന്നും ചൈനയുടെ പുതിയ മാര്‍ഗനിര്‍ദ്ദേശ രേഖകള്‍ പറയുന്നുവെന്നാണ് ചൈനീസ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

"ചൈന വെള്ളിയാഴ്ച പുറത്തിറക്കിയ രേഖ പ്രകാരം സ്റ്റേറ്റിനും ജനങ്ങള്‍ക്കും ഭീഷണിയായ സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കലാപകാരികളുടെ നേതാക്കള്‍ക്ക് വധശിക്ഷ ലഭിക്കും." വാര്‍ത്താ ഏജന്‍സി പറയുന്നു. മറ്റ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷത്തിനു മുകളിലും ശിക്ഷ ലഭിക്കും.

എന്നാല്‍ ചൈനയുടെ ഭീഷണിയെ തായ്‌വാന്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. "ചൈനയ്ക്ക് തായ്‌വാന്‍ മേഖലയില്‍ ഒരു അധികാരവുമില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇത്തരം നിയമങ്ങള്‍ ഞങ്ങളുടെ ജനങ്ങളെ ബാധിക്കുന്നതല്ല." തായ്‌വാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ലായ് ചിങ് തെ നിരന്തരമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ചൈന തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. ഇതിനു മുന്‍പ് ഇപ്പോഴത്തെ തായ്‌വാന്‍ ഉപരാഷ്ട്രപതിക്കെതിരെ ചൈന ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

SCROLL FOR NEXT