'ഷരാരത്ത്' ഗാനത്തിൽ ആദ്യം പരിഗണിച്ചത് തമന്ന ഭാട്ടിയയേ 
NEWSROOM

"ധുരന്ധറിലെ ഡാൻസ് നമ്പറിനായി ആദ്യം പരിഗണിച്ചത് തമന്നയെ, പക്ഷേ..."; വെളിപ്പെടുത്തലുമായി നൃത്തസംവിധായകൻ

രൺവീർ സിംഗ് നായകനായ 'ധുരന്ധർ' ബോക്സ്ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധറി'ലെ ഗാനരംഗത്തിനായി ആദ്യം പരിഗണിച്ചിരുന്നത് നടി തമന്ന ഭാട്ടിയയെ ആയിരുന്നുവെന്ന് വെളിപ്പെടുത്തി നൃത്തസംവിധായകൻ വിജയ് ഗാംഗുലി. 'ഷരാരത്ത്' എന്ന ഡാൻസ് നമ്പറിനാണ് തമന്നയെ പരിഗണിച്ചിരുന്നത്. അയേഷ ഖാനും ക്രിസ്റ്റേൽ ഡി സൂസയും ചേർന്നാണ് ഈ ഹിറ്റ് ഗാനത്തിൽ വിജയ് ഒരുക്കിയ നൃത്തത്തിന് ചുവടുവച്ചത്. ഈ ഗാനരംഗം ഇപ്പോൾ വൈറലാണ്.

ഫിലിംഗ്യാന് നൽകിയ അഭിമുഖത്തിലാണ് തമന്നയെ 'ഷരാരത്ത്' എന്ന ഗാനത്തിൽ കാസ്റ്റ് ചെയ്തിരുന്നതായി വിജയ് ഗാംഗുലി വെളിപ്പെടുത്തിയത്. എന്നാൽ, സംവിധായകൻ ആദിത്യ ധർ ഈ ആശയം തള്ളിക്കളയുകയായിരുന്നു. "എന്റെ മനസിൽ അവരായിരുന്നു (തമന്ന). ഞാൻ അവരെ നിർദേശിച്ചു. പക്ഷേ ,ആളുകൾ പറയുന്നതുപോലെ കഥയിൽ നിന്ന് പുറത്തുപോകുന്ന ഒരു ഐറ്റം സോങ്ങ് തനിക്ക് വേണ്ടെന്ന് ആദിത്യ നിലപാടെടുത്തു. ആ ഗാനം ഒറ്റ ഒരു സ്ത്രീയിലേക്ക് കേന്ദ്രീകരിച്ചായിരുന്നെങ്കിൽ, അത് കഥയിൽ നിന്ന് ശ്രദ്ധ തിരിക്കുമായിരുന്നു. തമന്ന ആയിരുന്നെങ്കിൽ, ഗാനം കഥയെക്കുറിച്ചല്ല, മറിച്ച് അവരെക്കുറിച്ചാകുമായിരുന്നു," വിജയ് ഗാംഗുലി പറഞ്ഞു.

അതേസമയം, രൺവീർ സിംഗ് നായകനായ 'ധുരന്ധർ' ബോക്സ്ഓഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. കളക്ഷൻ റെക്കോർഡുകൾ തകർക്കുകയാണ് ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം. ഡിസംബർ 17ന് 550 കോടി ക്ലബിൽ ചിത്രം ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ, റിലീസ് ആയി 17 ദിവസം പിന്നിടുമ്പോൾ സിനിമയുടെ ആഗോള കളക്ഷൻ 555.75 കോടി രൂപയായി ഉയർന്നു.

ആഭ്യന്തര നെറ്റ് കളക്ഷനിൽ എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും ധുരന്ധർ ഇടം നേടി. പത്താം സ്ഥാനത്ത് ഉണ്ടായിരുന്ന രൺബീർ കപൂറിന്റെ 'അനിമൽ' എന്ന ചിത്രത്തെ മറികടന്നാണ് 'ധുരന്ധർ' പട്ടികയിൽ കയറിയത്. 553 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് 'അനിമൽ' കളക്ട് ചെയ്തത്.

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. രൺവീർ സിംഗ് നായകനായ ചിത്രത്തിൽ അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, രാകേഷ് ബേദി എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നു. സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക.

SCROLL FOR NEXT