NEWSROOM

നടൻ വിശാൽ ആശുപത്രിയിൽ; ആരോഗ്യസ്ഥിതിയെ കുറിച്ച് അപ്‌ഡേഷൻ പുറത്തുവിട്ട് അപ്പോളോ ആശുപത്രി

സിനിമാ പ്രമോഷനായെത്തിയ നടൻ വിശാലിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

Author : ന്യൂസ് ഡെസ്ക്


കഴിഞ്ഞ ദിവസം മോശം ആരോഗ്യസ്ഥിതിയിൽ സിനിമാ പ്രമോഷനായെത്തിയ നടൻ വിശാലിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഏറ്റവുമൊടുവിൽ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. വിശാലിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് വിവരം.

വിശാലിന് വൈറൽ ഫീവർ ആണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കടുത്ത പനി ബാധിച്ചിട്ടും ക്ഷീണിതനായി സിനിമയുടെ പ്രചരണത്തിന് എത്തിച്ചേർന്ന നടന് ഇനി കുറച്ചു ദിവസത്തേക്ക് സമ്പൂർണ വിശ്രമം വേണമെന്നാണ് ഡോക്‌ടർമാർ നിർദേശിച്ചിട്ടുള്ളത്. കുറച്ചു നാൾ നിരീക്ഷണത്തിൽ തുടരാനും നിർദേശമുണ്ട്.

നടക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഒരു സഹായിയോടൊപ്പമാണ് നടൻ വിശാൽ 'മദ​ഗജരാജ' എന്ന തമിഴ് സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയത്. താരത്തിൻ്റെ ശരീരം പതിവിലേറെ മെലിഞ്ഞിരുന്നു. പ്രസംഗിക്കുന്നതിനിടയിൽ വിശാലിൻ്റെ നാക്ക് കുഴയുകയും കൈകൾ വിറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രമോഷൻ പരിപാടിയിൽ എത്തിയ വേളയിൽ ഓട്ടോഗ്രാഫിനായി അരികിൽ എത്തിയ ആരാധികയ്ക്ക് കയ്യിലെ നോട്ട്പാഡിൽ ഒപ്പിട്ടു നൽകാനും വിശാൽ മറന്നില്ല.

സുന്ദർ സി. സംവിധാനം ചെയ്ത 'മദ​ഗജരാജ' 12 വർഷത്തിന് ശേഷമാണ് തിയേറ്ററുകളിൽ എത്തുന്നത്. 2013ൽ ഷൂട്ടിങ് പൂർത്തിയായ ചിത്രം പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുകയായിരുന്നു. അഞ്ജലി, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

SCROLL FOR NEXT