ത്യാഗരാജന്‍ കുമാരരാജയും മിഷ്കിനും Source: X
NEWSROOM

"ഏകലവ്യന്റെ തള്ളവിരല്‍ ചോദിച്ചപോലെ...."; ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശിച്ച് ത്യാഗരാജന്‍ കുമാരരാജ, സ്റ്റാലിന് പ്രശംസ

'വിവേക ചിന്താമണി' ഉള്‍പ്പെടെയുള്ള തമിഴ് ഗ്രന്ഥങ്ങളെ ഉദ്ധരിച്ചായിരുന്നു കുമാരരാജയുടെ പ്രസംഗം

Author : ന്യൂസ് ഡെസ്ക്

ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശിച്ച് തമിഴ് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ. എല്ലാവർക്കും തുല്യ വിദ്യാഭ്യാസം നിഷേധിക്കുന്ന ആര്യ പാരമ്പര്യത്തോട് ഉപമിച്ചായിരുന്നു കുമാരരാജയുടെ പ്രസംഗം. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തില്‍ തമിഴ്നാട് സർക്കാർ സംഘടിപ്പിച്ച 'കള്‍വിയിൽ സിരന്ത തമിഴ്‌നാട്' (വിദ്യാഭ്യാസത്തില്‍ മുന്നിട്ട് നില്‍ക്കുന്ന തമിഴ്നാട്) എന്ന പരിപാടിയിലെ സംവിധായകന്റെ പ്രസംഗം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

'പി‌എം സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ' പദ്ധതി പ്രകാരം തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പിന് 2,000 കോടി രൂപയുടെ ഫണ്ട് നൽകാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് പ്രസംഗത്തില്‍ ത്യാഗരാജ കുമാരരാജ പരാമർശിച്ചു. ബിജെപിയുടെ പേരെടുത്ത് പറയാതെ വിമർശിച്ച 'സൂപ്പർ ഡീലക്സ്' സംവിധായകന്‍ സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയും മറ്റ് ക്ഷേമ പരിപാടികളും അവതരിപ്പിച്ചുകൊണ്ട് സംസ്ഥാനത്ത് സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ശ്രമങ്ങളെ പ്രശംസിച്ചു.

'വിവേക ചിന്താമണി' ഉള്‍പ്പെടെയുള്ള തമിഴ് ഗ്രന്ഥങ്ങളെ ഉദ്ധരിച്ചായിരുന്നു കുമാരരാജയുടെ പ്രസംഗം. “വിദ്യാഭ്യാസത്തെക്കുറിച്ച് രണ്ട് പ്രത്യയശാസ്ത്രങ്ങളുണ്ട്: ഒന്ന്, എല്ലാവരും വിദ്യാഭ്യാസം നേടുകയും ബുദ്ധിപരമായി തുടരുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ദ്രാവിഡ പ്രത്യയശാസ്ത്രം. രണ്ടാമത്തേത്, ആര്യൻ പ്രത്യയശാസ്ത്രം. ആര്യൻ പ്രത്യയശാസ്ത്രത്തിൽ, പഠിക്കാൻ ആഗ്രഹിച്ച ഒരു വിദ്യാർഥിക്ക് ഏത് ജാതിയിൽ പെട്ടവനാണെന്ന് ചോദിച്ച് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു.പിന്നീട് ആ വിദ്യാർഥി സ്വയം അമ്പെയ്ത്ത് പഠിച്ചു, ഗുരുവിന്റെ മുമ്പാകെ എത്തിയപ്പോള്‍ അദ്ദേഹം അവന്റെ തള്ളവിരൽ ചോദിച്ചുവാങ്ങി," മാഹാഭാരതത്തിലെ ഏകലവ്യന്റെയും ദ്രോണാചാര്യരുടെയും കഥ ഓർമിപ്പിച്ചുകൊണ്ട് കുമാരരാജ പറഞ്ഞു. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് കർണനും വിദ്യാഭ്യാസം നിഷേധിച്ചത്. ജാതി മറച്ചുവച്ച് കൃപാചാര്യനിൽ നിന്ന് വിദ്യ അഭ്യസിച്ചതിന് പഠിച്ച വിദ്യകള്‍ എല്ലാം അത്യാവശ്യ ഘട്ടത്തില്‍ മറന്നുപോകട്ടെ എന്ന ശാപമാണ് കർണന് ലഭിച്ചതെന്ന് ത്യാഗരാജ കുമാരരാജ കൂട്ടിച്ചേർത്തു.

ആര്യന്മാർ തള്ളവിരല്‍ ചോദിച്ചപോലെ, കർണനെ ശപിച്ചപോലെയാണ് ഇപ്പോള്‍ വിദ്യാഭ്യാസ നയം അവതരിപ്പിച്ച് എല്ലാവരും വിദ്യാഭ്യാസം നേടുന്നത് തടയാന്‍ ശ്രമിക്കുന്നതെന്ന് കുമാരരാജ ആരോപിച്ചു. ആര്യൻ പ്രത്യയശാസ്ത്രത്തെ ധിക്കരിച്ച്, എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കാൻ ഡിഎംകെ സർക്കാർ നിരവധി പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് കുമാരരാജ പറഞ്ഞു. സർക്കാരിന്റെ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി, നാൻ മുതൽവൻ പദ്ധതി, തമിഴ് പുതിൽവൻ പദ്ധതി എന്നിവ സംവിധായകന്‍ ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ 25ന് നടന്ന പരിപാടിയില്‍ പ്രമുഖ തമിഴ് സംവിധായകന്‍ മിഷ്കിനും പങ്കെടുത്ത് സംസാരിച്ചു. മുന്‍ മുഖ്യമന്ത്രി കരുണാനിധി സാമ്പ്രദായിക പഠനം ഉപേക്ഷിച്ച് പോരാടിയതിനാലാണ് ഇപ്പോള്‍ തമിഴ് ജനതയ്ക്ക് വിദ്യാഭ്യാസം നേടാന്‍ സാധിക്കുന്നതെന്ന് മിഷ്കിന്‍ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ വിസമ്മതിച്ചതിന് തമിഴ്‌നാട് സർക്കാരിന് 2,000 കോടി രൂപ നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിച്ചതായാണ് ഡിഎംകെയുടെ ആരോപണം. വിദ്യാഭ്യാസ നയം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും തമിഴ് ഭാഷയ്ക്കും സംസ്കാരത്തിനും ഭീഷണിയാകുമെന്നും ആരോപിച്ചാണ് ഡിഎംകെ സർക്കാർ എന്‍ഇപിയെ എതിർക്കുന്നത്.

SCROLL FOR NEXT