ജാതി അടിസ്ഥാനത്തിൽ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനമുയർത്തി കേന്ദ്രത്തിൻ്റെ വിശ്വകർമ പദ്ധതിക്കെതിരെ രംഗത്തെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്ത് പദ്ധതി നടപ്പാക്കില്ലെന്ന് സ്റ്റാലിൻ കേന്ദ്രത്തെ അറിയിച്ചു. കേന്ദ്രവുമായി പല വിഷയങ്ങളിലും തുറന്ന ഏറ്റുമുട്ടൽ നടത്തുന്ന ഡിഎംകെ സർക്കാരിന്റെ വിശ്വകർമ പദ്ധതിയിലെ നിലപാടും ദേശീയതലത്തിൽ ഇപ്പോൾ വലിയ ചർച്ചയാകുകയാണ്.
'ജാതീയം'- വിശ്വകർമ പദ്ധതിയെ ഡിഎംകെ സർക്കാർ എതിർത്തതിലെ പ്രധാന വാചകം ഇതാണ്. ജാതീയതക്കെതിരെ ദ്രാവിഡ രാഷ്ട്രീയം പറയുന്ന തങ്ങൾക്ക് ഈ പദ്ധതി തമിഴ്നാട്ടിൽ നടപ്പിലാക്കാൻ ആവില്ല, പകരം ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കാത്ത പദ്ധതി കൊണ്ടുവരൂ ഞങ്ങൾ നടപ്പാക്കാമെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രതികരണത്തിൽ നിലപാട് വ്യക്തമാണ്.
വിശ്വകർമ പദ്ധതി പോലുള്ളവയിൽ "പാരമ്പര്യ-കുടുംബ തൊഴിൽ എന്ന് തെളിയിച്ചാൽ മാത്രം ആനുകൂല്യം" എന്ന കേന്ദ്ര നിബന്ധനയാണ് തമിഴ്നാട് പദ്ധതിയെ എതിർക്കാനുള്ള പ്രധാന കാരണം. പദ്ധതിയിൽ മൂന്ന് പ്രധാന മാറ്റങ്ങൾ ആവശ്യപ്പെട്ട് 2024 ജനുവരിയിൽ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കുലത്തൊഴിൽ നിബന്ധന മാറ്റണം, ആർക്കും പദ്ധതിക്ക് അപേക്ഷിക്കാനാകണം, കുറഞ്ഞ പ്രായപരിധി 18ൽ നിന്ന് 35 ആക്കണം, ഗ്രാമപഞ്ചായത്ത് അധ്യക്ഷന് പകരം വില്ലേജ് ഓഫീസർ ആകണം ഗുണഭോക്താവിനെ തെരഞ്ഞടുക്കേണ്ടത്, തുടങ്ങിയവയായിരുന്നു കേന്ദ്ര നിബന്ധനകൾ.
കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിക്കും സ്റ്റാലിൻ കത്തയച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ ജിതൻ റാം മാഞ്ചി കത്തിന് മറുപടി നൽകിയെങ്കിലും പദ്ധതിയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇതോടെയാണ് പദ്ധതി നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് സ്റ്റാലിൻ സർക്കാർ എത്തിയത്.
2023ലാണ് വിശ്വകർമ പദ്ധതി ആരംഭിച്ചത്. കരകൗശല തൊഴിലാളികൾക്ക് പിന്തുണ നൽകലാണ് പദ്ധതിയുടെ ലക്ഷ്യം. മൺപാത്ര-കളിപ്പാട്ട നിർമാണങ്ങൾ, തയ്യൽ തുടങ്ങി 18 തൊഴിലുകളാണ് പദ്ധതിയുടെ പരിധിയിലുള്ളത്. 500 രൂപ പ്രതിദിന സ്റ്റൈപ്പൻഡോടെ 15 ദിവസം വരെ നീളുന്ന പരിശീലനം, തൊഴിൽ നൈപുണ്യമുള്ളവരെ കണ്ടെത്തുക, ഉപകരണങ്ങൾ വാങ്ങുന്നതിന് 15,000 രൂപ നൽകൽ, പലിശ നിരക്കിൽ 5% ഇളവോടെ മൂന്ന് ലക്ഷം രൂപ വരെ വായ്പ... തുടങ്ങി നിരവധി വ്യവസ്ഥകളുണ്ട്. കേന്ദ്രവുമായി പല വിഷയങ്ങളിൽ രാഷ്ട്രീയ ഏറ്റുമുട്ടൽ നടത്തുന്ന സ്റ്റാലിൻ സർക്കാരിന്റെ വിശ്വകർമ പദ്ധതി നിലപാട് തമിഴ്‌നാട്ടിലും ഡൽഹിയിലും വലിയ ചർച്ചാ വിഷയമായിക്കഴിഞ്ഞിട്ടുണ്ട്.