ഭാഷയ്ക്ക് വേണ്ടി ജീവൻ വരെ നഷ്ടപ്പെടുത്തുന്നവരാണ് തമിഴന്മാരെന്നും അവരോട് കളിക്കരുതെന്നും കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി നടൻ കമൽ ഹാസൻ. വെള്ളിയാഴ്ച ചെന്നൈയിൽ മക്കൾ നീതി മയ്യത്തിൻ്റെ എട്ടാം സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം അണികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഭാഷയ്ക്ക് വേണ്ടി ജീവൻ വരെ ത്യജിക്കുന്നവരാണ് തമിഴ്നാട്ടുകാർ, അവരോട് കളിക്കരുത്. തമിഴ്നാട്ടുകാർക്കിടയിൽ അവർക്ക് ഏത് ഭാഷയാണ് വേണ്ടതെന്ന് കുട്ടികൾക്ക് പോലും നന്നായറിയാം. ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവർക്കുണ്ട്," ഭാഷാപരമായ സ്വയം തെരഞ്ഞെടുപ്പിനായുള്ള ദീർഘകാല ആവശ്യത്തെ പരാമർശിച്ച് കൊണ്ട് കമൽ ഹാസൻ പറഞ്ഞു. പരാജയപ്പെട്ട രാഷ്ട്രീയക്കാരൻ എന്ന വിമർശനങ്ങൾക്കും കമൽ ഹാസൻ പൊതുവേദിയിൽ മറുപടി നൽകി. തനിക്ക് നേരത്തെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ വൈകിയെന്നും കമൽ പറഞ്ഞു.
"ഞാൻ വളരെ വൈകിയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അത് എൻ്റെ പരാജയമാണെന്ന് മനസിലാക്കുന്നു. 20 വർഷം മുമ്പ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നെങ്കിൽ, എൻ്റെ പ്രസംഗവും നിലപാടും വ്യത്യസ്തമാകുമായിരുന്നു. എന്തായാലും ഈ വർഷം പാർട്ടിയുടെ ശബ്ദം പാർലമെൻ്റിൽ കേൾക്കും. അടുത്ത വർഷം അത് സംസ്ഥാന നിയമസഭയിൽ മുഴങ്ങും," കമൽ ഹാസൻ പറഞ്ഞു. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനും അദ്ദേഹം അനുയായികളോട് അഭ്യർഥിച്ചു.