NEWSROOM

ടാര്‍ഗറ്റ് തൊഴില്‍ പീഡനം: ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിന്റെ പ്രൊഡക്ഷന്‍ യൂണിറ്റുകളിലും തൊഴില്‍ വകുപ്പ് പരിശോധന

പെരുമ്പാവൂര്‍ അറക്കപ്പടിയിലെ ഓഫീസിലും തൊഴില്‍ വകുപ്പ് എത്തി പെണ്‍കുട്ടികളുടെ മൊഴിയെടുക്കും.

Author : ന്യൂസ് ഡെസ്ക്


ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിന്റെ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ പരിശോധന നടത്തി തൊഴില്‍ വകുപ്പ്. കളമശ്ശേരിയിലെ സ്ഥാപനത്തിലും എടയാറിലെ രണ്ട് സ്ഥാപനത്തിലുമാണ് പരിശോധന നടത്തിയത്. വിശദമായ റിപ്പോര്‍ട്ട് വൈകീട്ട് സമര്‍പ്പിക്കും

പെരുമ്പാവൂര്‍ അറക്കപ്പടിയിലെ ഓഫീസിലും തൊഴില്‍ വകുപ്പ് എത്തി പെണ്‍കുട്ടികളുടെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസവും ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സില്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തിയിരുന്നു. സ്ഥാപനത്തില്‍ ക്രമക്കേട് കണ്ടെത്തിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചിരുന്നു. അതേസമയം ജീവനക്കാരുടെ വേതനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് വിസമ്മതിച്ചിരുന്നു. ജീവനക്കാരുടെ മസ്റ്ററിംഗ് സംബന്ധിച്ച രേഖകളും തൊഴില്‍ വകുപ്പിന് കൈമാറിയില്ല. രേഖകള്‍ കൈമാറാന്‍ സാവകാശം വേണമെന്നാണ് സ്ഥാപനം ആവശ്യപ്പെടുന്നത്.

ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് മാനേജര്‍മാര്‍ നല്‍കുന്ന പീഡനങ്ങളെക്കുറിച്ച് കെല്‍ട്രോ മുന്‍ മാനേജരായിരുന്ന മനാഫ് ന്യൂസ് മലയാളത്തോട് നടത്തിയ വെളിപ്പെടുത്തലില്‍ വര്‍ഷങ്ങളായി തുടരുന്ന തൊഴില്‍ ചൂഷണത്തിന്റെയും ക്രൂര പീഡനങ്ങളുടേയും വിവരങ്ങളാണുണ്ടായിരുന്നത്. എച്ച്പിഎല്ലിന്റെ ഫ്രാഞ്ചൈസിയാണ് കെല്‍ട്രോ. തിങ്കളാഴ്ചകളില്‍ പെരുമ്പാവൂരിലെ കെല്‍ട്രോ ഗ്രൂപ്പ് ആസ്ഥാനത്ത് വെച്ചു ബ്രാഞ്ച് മാനേജര്‍ ഹുബൈലിന്റെ നേതൃത്വത്തില്‍ ക്രൂര പീഡനം നടന്നിരുന്നു.

മറ്റ് ദിവസങ്ങളില്‍ താനുള്‍പ്പെടെയുള്ള മാനേജര്‍മാരുടെ നേതൃത്വത്തിലും പീഡനം നടന്നിട്ടുണ്ടെന്നും മനാഫ് പറഞ്ഞു. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് മാനേജര്‍മാര്‍ നല്‍കുന്ന പീഡനങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. പെരുമ്പാവൂരില്‍ മാത്രമല്ല മറ്റ് ബ്രാഞ്ചുകളിലും ക്രൂര പീഡനമാണ് നടന്നതെന്നും മുന്‍ മാനേജര്‍ പറഞ്ഞു.

ടാര്‍ഗറ്റ് തികയ്ക്കാത്തതിന് ടോയ്ലെറ്റില്‍ ഉമ്മ വെപ്പിച്ചതടക്കം ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്കിലെ തൊഴില്‍ പീഡനത്തില്‍ ഗുരുതര വെളിപ്പെടുത്തലാണ് പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി അരുണ്‍കുമാര്‍ നടത്തിയത്. പച്ചമുളക് തീറ്റിക്കുക, ഉപ്പുകല്ലിന് മുകളില്‍ മുട്ടുകുത്തി നിര്‍ത്തുന്നതടക്കം പീഡനങ്ങള്‍ സഹിക്കവയ്യാതായപ്പോള്‍ ജോലി ഉപേക്ഷിച്ച് പോന്നതായും അരുണ്‍ കുമാര്‍ പറഞ്ഞു.

ടാര്‍ഗറ്റ് തികയ്ക്കാത്തതിനുള്ള ശിക്ഷയായി ബെല്‍റ്റ് കഴുത്തിന് ചുറ്റി മുട്ടിന് ഇഴയിക്കല്‍, നാക്കുകൊണ്ട് നാണയം എടുപ്പിക്കുക, വായില്‍ ഉപ്പ് നിറച്ച് മണിക്കൂറുകളോളം നിര്‍ത്തുക തുടങ്ങി നിരവധി പീഡന രീതികളാണ് മാനേജര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയിരുന്നത് എന്ന വിവരങ്ങളാണ് പരാതിക്കാര്‍ ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തിയത്.

അതേസമയം, തൊഴിലിടത്തെ പീഡനം സഹിക്കാനാകാതെയാണ് കെല്‍ട്രോയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശി സുബീഷ് ജീവനൊടുക്കിയതെന്ന് അമ്മ സിന്ധു ആരോപിച്ചു. ഹുബൈലാണ് മകനെ മരണത്തിലേക്ക് തള്ളിവിട്ടത്. ട്രെയിനിങ്ങിന് എത്തിയ കുട്ടികളെ കൊണ്ട് ഹുബൈല്‍ ചെരുപ്പ് വരെ നക്കിച്ചിരുന്നു എന്ന് മകന്‍ പറഞ്ഞതായും സിന്ധു വെളിപ്പെടുത്തിയിരുന്നു. 

SCROLL FOR NEXT