മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ കേന്ദ്രബജറ്റിനെതിരെയുള്ള വിമർശനങ്ങൾക്കിടയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് പ്ലാനുകളിൽ ചുമത്തിയിരിക്കുന്ന ജിഎസ്ടി പിൻവലിക്കണമെന്ന ആവശ്യവുമായാണ് നിധിൻ ഗഡ്കരി ധനമന്ത്രിക്ക് കത്തയച്ചത്. നാഗ്പൂർ ഡിവിഷണൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ്റെ മെമ്മോറാണ്ടത്തെ തുടർന്നാണ് ഇതെഴുതുന്നതെന്ന് ഗഡ്കരി കത്തിൽ പറഞ്ഞു.
ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവയുടെ ജിഎസ്ടി പിൻവലിക്കലണമെന്നതാണ് നാഗ്പൂർ ഡിവിഷണൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇവയ്ക്ക് 18 ശതമാനം ജിഎസ്ടി നിരക്കാണ് ചുമത്തുന്നത്. ഇൻഷുറൻസിന് ജിഎസ്ടി ചുമത്തുന്നത് അനിശ്ചിതത്വങ്ങൾക്ക് നികുതി ചുമത്തുന്നതിന് തുല്യമാണെന്നും നിധിൻ ഗഡ്കരി കത്തിൽ പറയുന്നു. ലൈഫ് ഇൻഷുറൻസ് വഴിയുള്ള സമ്പാദ്യം, ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൻ്റെ ഐടി കിഴിവ് പുനരാരംഭിക്കൽ, പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളുടെ ഏകീകരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും യൂണിയൻ ഉന്നയിച്ചതായി ഗഡ്കരി പറഞ്ഞു.
ഈ കാര്യങ്ങൾ കണക്കിലെടുത്ത്, ലൈഫ്, മെഡിക്കൽ പ്രീമിയം ഇൻഷുറൻസുകൾക്ക് ജിഎസ്ടി പിൻവലിക്കാനുള്ള നിർദ്ദേശം പരിഗണിക്കാൻ ഗഡ്കരി ധനമന്ത്രിയോട് അഭ്യർഥിച്ചു. ഇത് മുതിർന്ന പൗരന്മാർക്ക് ബുദ്ധിമുട്ടാണെന്നും, ഇതിൽ ശരിയായ പരിശോധന നടത്തണമെന്നും ഗഡ്കരി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച അവതരിപ്പിച്ച മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിനെച്ചൊല്ലി വിവിധ കോണുകളിൽ നിന്നുള്ള വലിയ രീതിയിലുള്ള വിമർശനങ്ങളുയരുന്നതിനിടയിലാണ് ഗഡ്കരിയുടെ കത്ത്. പ്രധാന സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും ഭരിക്കുന്ന സംസ്ഥാനങ്ങളോട് മാത്രമാണ് കേന്ദ്രം ഉദാരമായി പെരുമാറിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
അതേസമയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം ഫണ്ട് നൽകിയെന്ന് പറഞ്ഞ് പ്രതിപക്ഷത്തിൻ്റെ കുറ്റാരോപണം ധനമന്ത്രി തള്ളി. ബജറ്റ് പ്രസംഗത്തിൽ ഒരു സംസ്ഥാനത്തിൻ്റെ പേര് പരാമർശിച്ചില്ലെങ്കിൽ അത് ഉൾക്കൊള്ളിച്ചിട്ടില്ലെന്ന് അർത്ഥമില്ലെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനായി 'വിക്ഷിത് ഭാരത്' എന്ന ദീർഘകാല ലക്ഷ്യമുണ്ടെന്നതാണ് ബജറ്റിൻ്റെ നയ മുൻഗണനകൾ സൂചിപ്പിക്കുന്നതെന്ന് ബിജെപി പറഞ്ഞു.