ഗവേഷണ ഗ്രാൻ്റുകൾക്ക് ജിഎസ്‌ടി ചുമത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെ വിമർശിച്ച് ആംആദ്മി പാർട്ടി. കേന്ദ്രത്തിൻ്റെ നടപടി നികുതി ഭീകരതയാണെന്നും, നിർദേശം പിൻവലിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
രാജ്യത്തിൻ്റെ വികസനത്തിന് വേണ്ടിയുള്ള ഗവേഷണങ്ങൾക്ക് നികുതി ചുമത്തി നൂതനാശയങ്ങളെയും പുരോഗതിയെയും സ്തംഭിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി കുറ്റപ്പെടുത്തി. ഗവേഷണ സ്ഥാപനങ്ങളിലെ ഉപഭോഗ വസ്തുക്കൾ, ഗ്രാൻ്റുകൾ വഴി വാങ്ങുന്ന ഉപകരണങ്ങൾ എന്നിവയ്ക്ക് ഇതിനകം നികുതി ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേ ഗ്രാൻ്റുകൾക്കും ജിഎസ്‌ടി ഏർപ്പെടുത്തുന്നത് ഇരട്ടി നികുതിയാണ്. അടുത്ത ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ നിർദേശം പിൻവലിക്കണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
ചരിത്രത്തിൽ ആദ്യമായാണ് ഒരു സർക്കാർ, ഗവേഷണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഗ്രാൻ്റിന് നികുതി ചുമത്തുന്നതെന്ന് ആംആദ്മി പാർട്ടി ജനറൽ സെക്രട്ടറി സന്ദീപ് പഥക് വിമർശിച്ചു. യുഎസ്, യുകെ, ജർമ്മനി, സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ ഗവേഷണ ഗ്രാൻ്റുകൾക്ക് നികുതിയില്ല. രാജ്യത്തിൻ്റെയും ജനങ്ങളുടെയും വികസനത്തിനായി നടക്കുന്ന ഗവേഷണങ്ങൾക്ക് ജിഎസ്‌ടി ചുമത്തുന്നത് നികുതി ഭീകരതയാണെന്നും പഥക് ആരോപിച്ചു.
2017 മുതലുള്ള എല്ലാ ഗവേഷണ ഗ്രാൻ്റുകൾക്കും ജിഎസ്‌ടി നൽകണമെന്ന് നിർദ്ദേശിച്ച് രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനങ്ങൾക്കെല്ലാം കേന്ദ്രം നോട്ടീസ് നൽകിയിട്ടുണ്ട്. ഐഐടി ഡൽഹി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഏകദേശം 220 കോടി രൂപ ജിഎസ്‌ടി ആവശ്യപ്പെട്ടതായാണ് വിവരം.