അമേരിക്കയിലെ വൊളൂസിയ കൗണ്ടിയിലെ ഫോറസ്റ്റ് ലേക്ക് എലിമെൻ്ററി സ്കൂളിൽ ഓട്ടിസം ബാധിതനായ മൂന്ന് വയസ്സുകാരൻ്റെ തല കാലുകൾക്കിടയിൽ വെച്ച് അമർത്തിയതിന് 59 കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തു.
സ്പെഷ്യലി ഏബിൾഡ് കുട്ടികളുടെ അധ്യാപികയായ വിൽമ ഒട്ടേറോ ആണ് അറസ്റ്റിലായത്. ചൈൽഡ് അബ്യൂസിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്കൂളിലെ ഒരു പാരാഎഡ്യൂക്കേറ്റർ സംഭവം കണ്ടതിനെ തുടർന്ന് ഫ്ലോറിഡ ചിൽഡ്രൻ ആൻഡ് ഫാമിലീസ് വകുപ്പിന് പരാതി നൽകുകയായിരുന്നു. കസേരയിൽ ഇരിക്കുകയായിരുന്ന വിൽമ തൻ്റെ കാലുകൾക്കിടയിൽ വെച്ച് മൂന്ന് വയസ്സുകാരൻ്റെ തല അമർത്തി പിടിക്കുന്നത് കണ്ടുവെന്നായിരുന്നു ഇവരുടെ മൊഴി. പിടിത്തം വിടുവാൻ ശ്രമിച്ചുകൊണ്ടിരുന്ന കുട്ടി കരഞ്ഞിരുന്നതായും കുട്ടിയുടെ മുഖം ചുവന്നിരുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു.
സംസാരിക്കാൻ ബുദ്ധമുട്ടുളള കുട്ടി അവർ ഉപദ്രവിച്ചതായും, സ്കൂളിൽ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതായും അന്വേഷണത്തിനിടെ പ്രതിനിധികളെ അറിയിച്ചതായി അവർ വ്യക്തമാക്കി. കുട്ടിയുടെ കഴുത്തിൽ ചുവന്ന ചെറിയ പാടും പരിശോധനയിൽ കണ്ടെത്തി.
എന്നാൽ ഈ ആരോപണങ്ങൾ വിൽമ നിഷേധിച്ചു. ശാരീരിക തെളിവുകളും പാരാ എഡ്യൂക്കേറ്ററുടെ മൊഴിയും കണക്കിലെടുത്താണ് ഇവരെ അറസ്റ്ര് ചെയ്തത്. അന്വേഷണത്തിൻ്റെ ഫലം പുറത്ത് വരുന്നവരെ ഇവരെ സ്കൂൾ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.