NEWSROOM

മട്ടാഞ്ചേരിയില്‍ മൂന്നര വയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം നല്‍കിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി

അനുമതിയില്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


കൊച്ചി മട്ടാഞ്ചേരിയില്‍ മൂന്നര വയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംഭവം നടന്ന മട്ടാഞ്ചേരിയിലെ സ്മാർട്ട് കിഡ്സ് പ്ലേ സ്കൂള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പറഞ്ഞു. അനുമതിയില്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട്‌ പരിശോധിച്ച് നടപടിയിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. മട്ടാഞ്ചേരി കൊച്ചിൻ ഗുജറാത്തി മഹാജൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.  

ALSO READ : മൂന്നര വയസ്സുകാരനെ അധ്യാപിക തല്ലിയ സംഭവം; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

സംഭവത്തില്‍ നേരത്തെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ ഡയറക്ടർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.

വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപിക സീതാലക്ഷ്മിക്കെതിരെ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മട്ടാഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. ചോദ്യത്തിന് മറുപടി നൽകാത്തതിനെ തുടർന്നാണ് മൂന്നര വയസുകാരന് നേരെ സീതാലക്ഷ്മി ചൂരൽപ്രയോഗം നടത്തിയത്. താത്കാലിക ജീവനക്കാരിയായ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി സ്കൂൾ അധികൃതർ അറിയിച്ചു. കേസിചല്‍ അധ്യാപികയ്ക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

SCROLL FOR NEXT