കണ്ണൂർ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ഭവത് മാനവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ അധ്യാപകർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്ത്. ഗുണ്ടകളെപ്പോലെ അധ്യാപകർ തങ്ങളെ കൈകാര്യം ചെയ്യുന്നെന്നും ഫിസിക്സ് ലാബ് ഇടിമുറിയാണെന്ന് അധ്യാപകർ തന്നെ പറഞ്ഞിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
കണ്ണൂർ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപകരിൽ നിന്ന് നേരിടേണ്ടി വരുന്ന ക്രൂരതകളാണ് വിദ്യാർഥികൾ തുറന്നുപറയുന്നത്. മാനസികമായും ശരീരികമായും ഉള്ള പീഡനങ്ങൾ പതിവാണെന്ന് വിദ്യാർഥികൾ പറയുന്നു. സ്റ്റാഫ് റൂമിലേക്ക് ഒറ്റയ്ക്ക് വിളിച്ചുവരുത്തി അധ്യാപകർ കൂട്ടത്തോടെ അപമാനിക്കുന്നത് പതിവാണെന്ന് കുട്ടികൾ പറയുന്നു. സ്കൂളിലെ ഫിസിക്സ് ലാബ് ഇടിമുറിയാണെന്നും അവിടെ കയറ്റി മർദിക്കുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്താറുണ്ട്. ഒരു ദയയും ഇല്ലാതെയാണ് അധ്യാപകർ പെരുമാറുന്നതെന്നും വിദ്യാർഥികൾ പറയുന്നു.
ജനുവരി ഏഴിനാണ് കമ്പിൽ സ്വദേശിയായ ഭവത് മാനവ് ആത്മഹത്യ ചെയ്യുന്നത്. അധ്യാപകരുടെ പീഡനത്തിൽ മനം നൊന്താണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചിരുന്നു. പഠനത്തിൽ പിന്നോക്കം നിന്നതിനും നീട്ടി വളർത്തിയ മുടി മുറിക്കാൻ ആവശ്യപ്പെട്ടും അധ്യാപകർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. മറ്റ് കുട്ടികളും സമാനമായ അനുഭവം ഉണ്ടായതായി പറയുന്നുണ്ട്.
സ്കൂളിന്റെ വിജയശതമാനം നിലനിർത്താനും സൽപ്പേര് നഷ്ടമാകാതിരിക്കാനുമാണ് അധ്യാപകരുടെ ഈ പെരുമാറ്റം എന്നാണ് വിശദീകരണം. എന്നാൽ അത് അതിരുവിടുന്നെന്നാണ് വിദ്യാർഥികളുടെ പരാതി. വീട്ടിലെത്തി പരാതി പറഞ്ഞാൽ രക്ഷിതാക്കൾ പോലും വിശ്വസിക്കാത്ത വിധം അവരോട് മറ്റൊരു രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് എന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തുന്നു.