ശനിയാഴ്ച ഉത്തർപ്രദേശിലെ ബന്ദ-മഹോബ റെയിൽവേ ട്രാക്കിലാണ് ഫെൻസിങ് തൂൺ കണ്ടെത്തിയത്. 16 വയസ്സുള്ള ആൺകുട്ടിയെ സംഭവത്തിൽ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പാസഞ്ചർ ട്രെയിനിൻ്റെ ഡ്രൈവർ ട്രാക്കിൽ കോൺക്രീറ്റ് തൂൺ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എമർജൻസി ബ്രേക്ക് ഇട്ടതോടെ വൻ ദുരന്തം ഒഴിവായി.
ശനിയാഴ്ച ഉച്ചയ്ക്ക് പാസഞ്ചർ ട്രെയിനിൻ്റെ ഡ്രൈവർ ട്രാക്കിലെ തടസത്തെക്കുറിച്ച് റെയിൽവേ സംരക്ഷണ സേനയെയും പൊലീസിനെയും അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആർപിഎഫിനൊപ്പം പൊലീസ് സംഘം സ്ഥലത്തെത്തുകയും പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ട്രാക്കിൽ കോൺക്രീറ്റ് തൂൺ സ്ഥാപിച്ചതായി കസ്റ്റഡിയിലെടുത്ത ആൺകുട്ടി സമ്മതിച്ചതായി ഏരിയ സർക്കിൾ ഓഫീസർ ദീപക് ദുബെ പറഞ്ഞു. ട്രാക്കിൽ നിന്ന് തൂൺ നീക്കം ചെയ്തതിന് തൊട്ടുപിന്നാലെ റൂട്ടിലെ റെയിൽ ഗതാഗതം ക്ലിയർ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.സമാനമായ സംഭവം കഴിഞ്ഞ ദിവസം ബല്ലിയയിൽ നടന്നിരുന്നു.