NEWSROOM

ഹൈദരാബാദ് സര്‍വകാലാശാല ഭൂമി വിവാദം: സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച IAS ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി തെലങ്കാന

സംഭവവുമായി ബന്ധപ്പെട്ട് സ്മിത ഐഎഎസിനെ നേരത്തെ തെലങ്കാന പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

Author : ന്യൂസ് ഡെസ്ക്


ഹൈദരാബാദ് സര്‍വകലാശാല ഭൂമി വിവാദവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ച സീനിയര്‍ ഐഎഎസ് ഓഫീസര്‍ സ്മിത സബര്‍വാളിനെ സ്ഥലംമാറ്റി തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദ് സര്‍വകലാശാലയ്ക്ക് സമീപമുള്ള 400 ഏക്കറോളം വരുന്ന മരങ്ങള്‍ വെട്ടി മാറ്റാനുള്ള സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കുന്ന തരത്തിലുള്ള പോസ്റ്റായിരുന്നു ഐഎഎസ് ഓഫീസര്‍ പങ്കുവെച്ചത്.

'ഹായ് ഹൈദരാബാദ്' എന്ന എക്‌സ് ഹാന്‍ഡിലില്‍ പങ്കുവെച്ച എഐ സംവിധാനത്തിലൂടെ നിര്‍മിച്ച ചിത്രമാണ് സ്മിത തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. ഉദ്യോഗസ്ഥയെ കൂടാതെ ഇത് സാമൂഹ മാധ്യമങ്ങളില്‍ ചിത്രം ഇരുപത്തോളം ഓഫീസര്‍മാരെക്കുടി തെലങ്കാന സര്‍ക്കാര്‍ സ്ഥലം മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് സ്മിത ഐഎഎസിനെ നേരത്തെ തെലങ്കാന പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സൈബര്‍ പൊലീസിന് മുന്നില്‍ ഹാജരായ ഉദ്യോഗസ്ഥ, ഇതുപോലെ ഈ പോസ്റ്റ് റീഷെയര്‍ ചെയ്ത 2000 പേരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കുമോ എന്നും ചോദിച്ചിരുന്നു.

തെലങ്കാന ടൂറിസം, സാസ്‌കാരികം, യുവജനകാര്യം എന്നീ വകുപ്പുകളുടെ സെക്രട്ടറിയായിരുന്ന സ്മിത ഐഎഎസിനെ തെലുങ്കാന ഫിനാന്‍സ് കമ്മീഷനിലെ മെമ്പര്‍ സെക്രട്ടറിയായിട്ടാണ് സ്ഥലം മാറ്റിയത്.

400 ഏക്കര്‍ വ്യാപിച്ചു കിടക്കു്‌നന കാഞ്ച ഗച്ചിബൗളി ഭൂമിയിലെ വനം വെട്ടിത്തെളിച്ച് ഐടി പാര്‍ക്കുകള്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും ദിവസങ്ങളോളം പ്രതിഷേധിച്ചിരുന്നു. ഇതിനിടയിലായിരുന്നു സ്മിത പോസ്റ്റ് പങ്കുവെച്ചത്. നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ പദ്ധതി ഉപേക്ഷിച്ച തെലങ്കാന സര്‍ക്കാര്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെ 2000 ഏക്കര്‍ വിസ്തൃതിയുള്ള ഭൂമി ഇക്കോ പാര്‍ക്കാക്കി മാറ്റാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT