തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയുടെയും സാമാന്ത റൂത്ത് പ്രഭുവിൻ്റെയും വിവാഹമോചനത്തിൽ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ.ടി. രാമറാവുവിന് പങ്കെന്ന വിചിത്ര വാദവുമായി തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ടാ സുരേഖ. പല നടിമാരും സിനിമ ഉപേക്ഷിച്ച് നേരത്തെ വിവാഹം കഴിക്കാൻ കാരണം മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിൻ്റെ മകൻ കെ.ടി. രാമറാവുവാണെന്നായിരുന്നു സുരേഖയുടെ വിമർശനം. രാമറാവു സിനിമാ രംഗത്തെ പ്രമുഖരെ മയക്കുമരുന്നിന് അടിമകളാക്കിയ ശേഷം ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്നും അവർ അവകാശപ്പെട്ടു. പിന്നാലെ ഈ പ്രസ്താവനകൾ പിൻവലിക്കണമെന്ന് പറഞ്ഞുകൊണ്ട് നാഗ ചൈതന്യയുടെ അച്ഛൻ നാഗാർജുന രംഗത്തെത്തി.
"ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി കൊണ്ടാ സുരേഖയുടെ അഭിപ്രായങ്ങളെ ഞാൻ ശക്തമായി എതിർക്കുന്നു. രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതം വെച്ച് നിങ്ങളുടെ എതിരാളികളെ വിമർശിക്കരുത്. ദയവായി മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക," എക്സ് പോസ്റ്റിലൂടെ പങ്കുവെച്ച കുറിപ്പിൽ നാഗാർജുന വ്യക്തമാക്കി.
ഒരു മന്ത്രി എന്ന നിലയിൽ സുരേഖ, നാഗചൈതന്യയുടെ കുടുംബത്തിനെതിരെ ഉയർത്തിയ പ്രസ്താവനകളും ആരോപണങ്ങളും തികച്ചും അപ്രസക്തവും തെറ്റുമാണ്. ഇവ ഉടൻ പിൻവലിക്കാൻ അഭ്യർത്ഥിക്കുന്നെന്നും നടൻ കൂട്ടിച്ചേർത്തു.
2017ലായിരുന്നു നടി സാമാന്തയും നടൻ നാഗചൈതന്യയും തമ്മിലുള്ള വിവാഹം. 2021ലാണ് ഇരുവരും നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞത്. പിന്നാലെ നാഗചൈത്യന നടി ശോഭിത ധുലീപാലയും വിവാഹിതരാകുന്നു എന്ന വിവരം നടന്‍റെ പിതാവ് നാഗാര്‍ജുന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.