NEWSROOM

തെലങ്കാന ടണല്‍ അപകടം: രക്ഷാപ്രവർത്തനത്തിന് സിൽക്യാര ദൗത്യത്തിൽ ഏർപ്പെട്ട റാറ്റ് ഹോൾ മൈനർമാരുടെ സംഘവും!

ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും പന്ത്രണ്ടംഗ റാറ്റ് ഹോൾ മൈനർമാരുടെ സംഘം ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിൽ എത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

തെലങ്കാനയിലെ നാഗർകുർണൂലിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം 72 മണിക്കൂർ പിന്നിട്ടു. തുരങ്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായി എലിമാള ഖനന രീതി ഉപയോഗിക്കാനാണ് പുതിയ നീക്കം. ഇതിനായി ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും പന്ത്രണ്ടംഗ റാറ്റ് ഹോൾ മൈനർമാരുടെ സംഘം ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിൽ എത്തിയിട്ടുണ്ട്.

"ഞങ്ങൾ കഴിഞ്ഞ ദിവസം തുരങ്കം സന്ദർശിച്ചു, വളരെ ബുദ്ധിമുട്ടേറിയ സാഹചര്യമാണ്. എങ്കിലും, ഒന്നും അസാധ്യമല്ല എന്നല്ലേ. വെള്ളക്കെട്ടും ചെളിയും നിറഞ്ഞിട്ടുണ്ട്. കേടായ ചില യന്ത്രങ്ങളും അവിടെ കിടക്കുന്നുണ്ട്. സുരക്ഷാ ഉപകരണങ്ങളും ഇല്ലാത്തതിനാൽ ഇന്നലെ പണി തുടങ്ങാനായില്ല. ഞങ്ങൾ ഇപ്പോൾ ഉപകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, ഞങ്ങൾ ഇന്ന് മുതൽ ഞങ്ങളുടെ ജോലി ആരംഭിക്കും" ഖനിത്തൊഴിലാളികളിൽ ഒരാളായ മുന്ന ഖുറേഷി പ്രതികരിച്ചു. 2023-ൽ ഉത്തരാഖണ്ഡിലെ സിൽക്യാര ബെൻഡ്-ബാർകോട്ട് തുരങ്കത്തിൽ കുടുങ്ങിയ 41 നിർമാണ തൊഴിലാളികളെ രക്ഷിക്കുന്നതിൽ മുന്ന ഖുറേഷി ഉൾപ്പെടെയുള്ള 12 അംഗ സംഘം അവിഭാജ്യ പങ്ക് വഹിച്ചിരുന്നു.

ടണലിന്റെ അവസാന 50 മീറ്റർ പരിധിയിലേക്ക് എത്താൻ ഇതുവരെ രക്ഷാ പ്രവർത്തകർക്ക് സാധിച്ചിട്ടില്ല. ടണലിന്റെ ദൃഢത സംബന്ധിച്ച് ജിയോളജി വകുപ്പിന്റെ നിർദേശം കൂടി പരിഗണിച്ചാകും തുടർ നീക്കങ്ങൾ തീരുമാനിക്കുക എന്ന് നാഗർകുർണൂൽ ജില്ലാ കലക്ടർ ബി. സന്തോഷ് നേരത്തെ പറഞ്ഞിരുന്നു.

രണ്ട് എഞ്ചിനിയർമാരും രണ്ട് മെഷീൻ ഓപ്പറേറ്റർ മാരും നാല് തൊഴിലാളികളുമാണ് ഫെബ്രുവരി 22ന് അപകടത്തിൽ പെട്ടത്. തെലങ്കാന നാഗർകുർനൂൾ ജില്ലയിലെ SLBC യുടെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിൻ്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാന്‍ കയറിയ തൊഴിലാളികളാണ് ഒരുഭാഗം ഇടിഞ്ഞതോടെ അപകടത്തിൽ പെട്ടത്. അപകടം നടക്കുന്ന സമയത്ത് 60 ഓളം തൊഴിലാളികള്‍ ടണലില്‍ ഉണ്ടായിരുന്നത്. ഇതിൽ 52 തൊഴിലാളികളെ ടണലിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്.

SCROLL FOR NEXT