NEWSROOM

തെലങ്കാനയിൽ ടണലിൽ കുടുങ്ങിയ 4 പേരെ കണ്ടെത്തി; നാളെ വൈകീട്ടോടെ പുറത്തെത്തിക്കുമെന്ന് മന്ത്രി കൃഷ്ണ റാവു

എട്ട് പേരിൽ നാല് പേരെ കുറിച്ച് ഇനിയും സൂചനയൊന്നും ലഭിച്ചിട്ടില്ല

Author : ന്യൂസ് ഡെസ്ക്

തെലങ്കാനയിൽ നാഗർകുർണൂലിൽ തുരങ്കത്തിൽ കുടുങ്ങിയ നാല് പേരെ കണ്ടെത്താനായെന്ന് എക്സൈസ് മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു അറിയിച്ചു. നാളെ വൈകുന്നേരത്തോടെ നാല് പേരെയും പുറത്തെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. എന്നാൽ, എട്ട് പേരിൽ നാല് പേരെ കുറിച്ച് ഇനിയും സൂചനയൊന്നും ലഭിച്ചിട്ടില്ല. 

ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കം സൈറ്റിൽ ആംബുലൻസുകൾ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ (ഡോക്ടർമാർ) ഒരു സംഘത്തോട് എത്രയും വേഗം തുരങ്കപാതയിലെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ട് എഞ്ചിനിയർമാരും രണ്ട് മെഷീൻ ഓപ്പറേറ്റർ മാരും നാല് തൊഴിലാളികളുമാണ് ഫെബ്രുവരി 22ന് അപകടത്തിൽ പെട്ടത്. തെലങ്കാന നാഗർകുർനൂൾ ജില്ലയിലെ SLBC യുടെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിൻ്റെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാന്‍ കയറിയ തൊഴിലാളികളാണ് ഒരുഭാഗം ഇടിഞ്ഞതോടെ അപകടത്തിൽ പെട്ടത്. അപകടം നടക്കുന്ന സമയത്ത് 60 ഓളം തൊഴിലാളികള്‍ ടണലില്‍ ഉണ്ടായിരുന്നത്. ഇതിൽ 52 തൊഴിലാളികളെ ടണലിൽ നിന്ന് രക്ഷിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയാക്കാത്തതിനാല്‍ ടണല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഫെബ്രുവരി 18നാണ് ടണല്‍ തുറന്നത്. ടണലിലൂടെ വെള്ളം കൊണ്ടുപോയി തുടങ്ങിയപ്പോഴുണ്ടായ ചോർച്ച പരിഹരിക്കാനാണ് തൊഴിലാളികള്‍ ഇറങ്ങിയത്.


മേൽക്കൂരയിലുണ്ടായ വിള്ളലിലൂടെ വെള്ളമിറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം സൈന്യം ഏറ്റെടുത്തു. സൈന്യത്തിൻ്റെ എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സിനൊപ്പം NDRF, SDRF സംഘങ്ങളും ദുരന്തമുഖത്തുണ്ട്. എന്നാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു.

SCROLL FOR NEXT