തെലങ്കാനയിൽ വനിത കോൺസ്റ്റബിളിനെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. ഹയാത്ത്നഗർ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് നാഗമണിയാണ് കൊല്ലപ്പെട്ടത്. അന്യ ജാതിക്കാരനെ വിവാഹം ചെയ്തതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചു. ആക്രമണം നടത്തിയതിന് ശേഷം സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹൈദരാബാദിൻ്റെ പ്രാന്തപ്രദേശത്തുള്ള തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തിന് സമീപത്താണ് സംഭവം നടന്നത്. നവംബർ 21 ന് യാദഗിരിഗുട്ടയിൽ വെച്ചായിരുന്നു നാഗമണിയുടെ വിവാഹം. കുടുംബത്തിൻ്റെ ശക്തമായി എതിർപ്പ് മറികടന്ന് വിവാഹിതരായതിനാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് സഹോദരൻ മുന്നറിയിപ്പ് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെ കോണ്‍സ്റ്റബിൾ നാഗമണി കൊല്ലപ്പെടുകയായിരുന്നു.