ജൂലൈ 26 കാര്‍ഗില്‍ വിജയ് ദിവസ് പ്രമാണിച്ച് ജവാന്മാര്‍ക്ക് കാര്‍ഗിലില്‍ മൊബൈല്‍ കണക്ടിവിറ്റി ലഭ്യമാക്കി ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പ്. മഞ്ഞു മൂടിയ കൊടിമുടിക്കു മുകളില്‍ ഫോണില്‍ സംസാരിച്ചു കോണ്ട് നില്‍ക്കുന്ന ജവാന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചുകൊണ്ടാണ് ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പ് വിവരം ലോകത്തോട് പങ്കു വെച്ചത്. 'കാര്‍ഗിലില്‍ നമ്മുടെ ജവാന്മാര്‍ക്ക് ടെലിക്കോം കണക‌്ടിവിറ്റി ' എന്ന് ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ വായിക്കാം.
ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പിന്‍റെ എക്‌സ് പോസ്റ്റില്‍ 16000 അടിയെന്ന് എടുത്ത് എഴുതിയിട്ടുണ്ട്. അത്രയും ഉയരത്തില്‍ കണക‌്ടിവിറ്റി ലഭ്യമാക്കിയെന്ന സൂചനയാണിത്. കാര്‍ഗിലില്‍ വിനിമയ സംവിധാനം ഒരുക്കിയതിന് ജവാന്മാരുടെ ജീവിത നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യം കൂടിയുണ്ട്.
1999 ഇന്ത്യയുടെ കാര്‍ഗില്‍ വിജയത്തിന്‍റെ ഓര്‍മ്മയ്ക്കാണ് ജൂലൈ 26ന് കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കുന്നത്. ജമ്മു കശ്മീരിലെ കാര്‍ഗില്‍ മേഖലയില്‍ ഉയര്‍ന്ന ഉയരങ്ങളില്‍ പോരാടിയ ഇന്ത്യന്‍ സൈനികരോടുള്ള ആദരവ് പ്രകടിപ്പിക്കുവാന്‍ കൂടിയാന്‍ ഈ ദിനം ആചരിക്കുന്നത്. 1999 മെയ് മുതല്‍ ജൂലൈ വരെയാണ് കാര്‍ഗില്‍ യുദ്ധം നടന്നത്. പാകിസ്താന്‍ സൈനികരും തീവ്രവാദികളും ഇന്ത്യന്‍ നിയന്ത്രണ രേഖ മറികടന്നതാണ് യുദ്ധത്തിന്‍റെ കാരണം. ഓപ്പറേഷന്‍ വിജയിലൂടെ ഇവര്‍ കയ്യേറിയ പ്രദേശങ്ങള്‍ ഇന്ത്യ വീണ്ടെടുക്കുകയായിരുന്നു.