NEWSROOM

വിവിധ ലൊക്കേഷനുകളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ അവാർഡ് ജേതാവ് ജാനി മാസ്റ്റർക്കെതിരെ പരാതിയുമായി യുവതി

യുവതിയുടെ പരാതി മേൽ സൈബറാബാദിലെ റായ്ദുര്‍ഗം പൊലീസ് സീറോ എഫ്ഐആര്‍ ഫയല്‍ ചെയ്തു

Author : ന്യൂസ് ഡെസ്ക്

പ്രമുഖ തെന്നിന്ത്യൻ ഡാൻസ് കൊറിയോഗ്രാഫർക്കെതിരെ ലൈംഗികാരോപണവുമായി യുവതി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ സിനിമകളിൽ കൊറിയോഗ്രാഫി ചെയ്യുന്ന ഷെയ്ഖ് ജാനി ബാഷയ്ക്കെതിരെയാണ് പരാതിയുമായി സഹപ്രവർത്തക രംഗത്തെത്തിയത്. ജാനി മാസ്റ്റര്‍ എന്നാണ് ഇയാൾ അറിയപ്പെടുന്നത്. സിനിമാ രംഗത്തത്തുള്ള 21 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാനിക്ക് എതിരെ സൈബറാബാദിലെ റായ്ദുര്‍ഗം പൊലീസ് സീറോ എഫ്ഐആര്‍ ഫയല്‍ ചെയ്തു. ആരോപണത്തിൻമേൽ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

2017 ൽ ഒരു പരിപാടിയിൽ വെച്ചാണ് മാസ്റ്ററെ കണ്ടുമുട്ടിയതെന്നും രണ്ട് വർഷത്തിനു ശേഷം അസിസ്റ്റൻ്റ് കൊറിയോഗ്രാഫറായി ജോലി വാഗ്ദാനം ചെയ്തതായും യുവതി പറയുന്നു. ഒരുമിച്ചുള്ള ചിത്രീകരണം നടക്കവെ പല നഗരങ്ങളില്‍ വച്ചും ലൈംഗികാതിക്രമത്തിന് ഇരയായെന്നും പുറത്തുപറഞ്ഞാൽ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. തൻ്റെ വീട്ടിൽ വെച്ചും ചൂഷണത്തിന് ഇരയായെന്നും യുവതി വെളിപ്പെടുത്തി.നിലവില്‍ നര്‍സിംഗി പൊലീസിന് കൈമാറിയിരിക്കുകയാണ് കേസ്.

പവൻ കല്യാണിൻ്റെ ജനസേന പാർട്ടി പ്രവർത്തകനു കൂടിയാണ് ജാൻ മാസ്റ്റർ. ആരോപണങ്ങൾ ഉയർന്നു വന്നതിനു പിന്നാലെ അദ്ദേഹത്തോട് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഉത്തരവിട്ടു. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും നേതൃത്വത്തിൻ്റെ നിർദേശത്തിൽ പ്രശ്നമില്ലെന്നും ജാനി മാസ്റ്റർ പ്രതികരിച്ചു.

SCROLL FOR NEXT