NEWSROOM

'അത് എനിക്ക് സാധ്യമല്ല'; രാജമൗലി ചിത്രം വേണ്ടെന്ന് വച്ച് സൂപ്പർ സ്റ്റാർ

ഇന്ന് ഇന്ത്യയിലെ ഏതൊരു നടനും രാജമൗലി ചിത്രത്തിലെ വേഷം സ്വപ്നം കാണുന്നു എന്ന് പറഞ്ഞാൽ അത് നിഷേധിക്കാനാവില്ല.

Author : ന്യൂസ് ഡെസ്ക്

ബാഹുബലി എന്ന ഒറ്റചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്നെ തരംഗം സൃഷ്ടിച്ച സംവിധായകനാണ് എസ്. എസ്. രാജമൗലി. ബാഹുബലി 2, ആർആർആർ എന്നീ ചിത്രങ്ങളിലൂടെ രാജമൗലി തെലുങ്ക് സിനിമയുടെ തലവര തന്നെ മാറ്റിയെഴുതി. ഇന്ന് ഇന്ത്യയിലെ ഏതൊരു നടനും രാജമൗലി ചിത്രത്തിലെ വേഷം സ്വപ്നം കാണുന്നു എന്ന് പറഞ്ഞാൽ അത് നിഷേധിക്കാനാവില്ല.

എന്നാൽ ബ്രഹ്മാണ്ഡ സിനിമകളെ സൃഷ്ടിച്ച, ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന സംവിധായകരിലൊരാളായ രാജമൗലിയുടെ ചിത്രത്തിലേക്കുള്ള അവസരം ഒന്നും അലോചിക്കാതെ വേണ്ടെന്നു വച്ച ഒരു നടനുണ്ട്. തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ചിരഞ്ചീവി. നടൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജമൗലിയുടെ ഓഫര്‍ എന്തുകൊണ്ട് സ്വീകരിച്ചില്ല എന്നതിന്‍റെ കാരണ സിതമായിരുന്നു ചിരഞ്ചീവിയുടെ വിശദീകരണം.


"ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ ഒരുപാട് കാലമെടുക്കുന്ന സംവിധായകനാണ് അദ്ദേഹം. അത് എനിക്ക് സാധിക്കുമോ എന്ന് ഉറപ്പില്ല. 4-5 വര്‍ഷമൊക്കെ എടുത്താണ് രാജമൗലി ഒരു ചിത്രം പൂര്‍ത്തിയാക്കുന്നത്. ഞാനാണെങ്കിലോ ഒരേ സമയത്ത് നാല് സിനിമകളില്‍ അഭിനയിക്കുന്ന ആളും. കരിയറിലെ ഈ സമയത്ത് മൂന്നോ നാലോ വര്‍ഷമെടുത്ത് ഒരു സിനിമയില്‍ അഭിനയിക്കുന്നത് സാധ്യമല്ല", എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.

ലൂസിഫര്‍ റീമേക്ക് ആയിരുന്ന ഗോഡ്‍ഫാദറിന്‍റെ പ്രൊമോഷന്‍ പരിപാടി നടന്ന സമയത്തായിരുന്നു ചിരഞ്ജീവിയുടെ വെളിപ്പെടുത്തൽ. രാജമൗലിക്കൊപ്പം പ്രവര്‍ത്തിച്ച് ഒരു പാന്‍ ഇന്ത്യന്‍ താരം എന്ന നിലയില്‍ സ്വയം തെളിയിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അതേ വേദിയില്‍ ചിരഞ്ജീവി പറഞ്ഞിരുന്നു.


മഹേഷ് ബാബു നായകനാവുന്ന 1000 കോടി ചിത്രത്തിന്‍റെ പണിപ്പുരയിലാണ് രാജമൗലി ഇപ്പോള്‍. പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം മല്ലിഡി വസിഷ്ഠ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വിശ്വംഭരയാണ് ചിരഞ്ജീവിയുടെ വരാനിരിക്കുന്ന ചിത്രം. തൃഷ നായികയാകുന്ന ചിത്രത്തിൻ്റെ റിലീസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

SCROLL FOR NEXT