ഫോർ ക്വീൻ ബോട്ട് 
NEWSROOM

സർവീസ് നിർത്തിയിട്ട് പത്തു മാസം; കൊച്ചി കോർപ്പറേഷൻ്റെ അനാസ്ഥയിൽ യാത്രാ ബോട്ട് തുരുമ്പെടുത്തു നശിക്കുന്നു

ഫോര്‍ട്ട് ക്വീന്‍ എന്ന ബോട്ടാണ് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്കും തിരിച്ചും സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഈ ബോട്ട് പ്രവര്‍ത്തനം നിര്‍ത്തിയിട്ട് പത്ത് മാസമാവുകയാണ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി കോര്‍പ്പറേഷന്റെ ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ റൂട്ടിലോടുന്ന ബോട്ട് സര്‍വീസ് നിര്‍ത്തിവെച്ചിട്ട് പത്തു മാസം. ബോട്ടിന്റെ നടത്തിപ്പ് ചുമതലയുള്ള കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെസ്‌ഐഎന്‍സി) ലൈസന്‍സ് പുതുക്കാതെ വെച്ചതാണ് ബോട്ട് സര്‍വീസ് മുടങ്ങാന്‍ കാരണമായിരിക്കുന്നത്.

ഇതോടെ സാധാരണക്കാര്‍ ആശ്രയിച്ചിരുന്ന യാത്രാ ബോട്ട് തുരുമ്പെടുത്തു നശിക്കുന്ന സ്ഥിതിയിലാണ്. ഫോര്‍ട്ട് ക്വീന്‍ എന്ന ബോട്ടാണ് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്കും തിരിച്ചും സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ ഈ ബോട്ട് പ്രവര്‍ത്തനം നിര്‍ത്തിയിട്ട് പത്ത് മാസമാവുകയാണ്.

സര്‍വീസ് നിര്‍ത്തിയതോടെ ബോട്ട് എവിടെയെന്ന് കോര്‍പ്പറേഷനുപോലും അറിവില്ലായിരുന്നു. വിവരാവകാശ നിയമപ്രകാരം ബോട്ടെവിടെയെന്ന് ഉന്നയിച്ചപ്പോഴാണ് മറൈന്‍ ഡ്രൈവിലെ ജെട്ടിയില്‍ കെട്ടിയിട്ടിരിക്കുകയാണെന്നാണ് മറുപടി ലഭിച്ചത്.

കോര്‍പ്പറേഷന്റെ ഭാഗത്തു നിന്ന് മോശമായ സമീപനമാണ് ഉണ്ടാവുന്നത്. കൊച്ചിയിലെ ജലഗതാഗതവുമായി ബന്ധപ്പെട്ട് അവര്‍ യാതൊരു വിധ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ലെന്നും പത്തുമാസമായി ഇങ്ങനെ കിടന്നിട്ടും കോര്‍പറേഷന് ഒരു അനക്കവുമില്ലെന്നുമാണ് പൊതുപ്രവര്‍ത്തകനായ ഹാരിസ് അബു പറയുന്നത്. ഒരു കോടി അറുപത് ലക്ഷം ചെലവിട്ട് നിര്‍മിച്ച ബോട്ടാണ് ഒരു ഉത്തരവാദിത്തവുമില്ലാതെ കെട്ടിയിട്ടിരിക്കുന്നത്. ഇത് കൊച്ചിക്കാരോട് കാണിക്കുന്ന ധിക്കാരപരമായ നടപടിയാണെന്നും ഹാരിസ് അബു പറയുന്നു.

ഇതേ റൂട്ടില്‍ രണ്ട് റോറോ സര്‍വീസ് കൂടി ഉണ്ട്. പക്ഷെ ഒരെണ്ണം മിക്കപ്പോഴും കട്ടപ്പുറത്ത് ആയിരിക്കും. സര്‍വീസ് നടത്താറുള്ള റോറോയില്‍ വാഹനങ്ങളാണ് കൂടുതലും വരിക. ബോട്ട് സര്‍വീസ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

SCROLL FOR NEXT