NEWSROOM

ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവെച്ചു; വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് HIV ബാധ

ഒരാള്‍ക്ക് എച്ച്ഐവി ബാധയുണ്ടെന്ന് ആദ്യം കണ്ടെത്തി. ഇയാളെ കൗണ്‍സിലിംഗ് നടത്തിയതിന് ശേഷം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണവും പരിശോധനയും നടത്തുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്


മലപ്പുറം വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. ഒരേ സിറിഞ്ച് വഴി ലഹരി ഉപയോഗിച്ച 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഡിഎംഒ രേണുക പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഏഴ് മലയാളികള്‍ക്കുമാണ് രോഗം ബാധിച്ചത്.

വളാഞ്ചേരിയില്‍ ആദ്യം എച്ച്‌ഐവി സ്ഥിരീകരിച്ചത് മലയാളിക്കാണ്. ഇതോടെ ഇയാളുടെ സംഘാംഗങ്ങളെ കൂടി പരിശോധിക്കുകയായിരുന്നു. രണ്ടു മാസത്തിനിടയില്‍ നടന്ന പരിശോധനയിലാണ് 10 പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ചോ അല്ലെങ്കില്‍ വീണ്ടും ഉപയോഗിക്കുന്ന സിറിഞ്ചിലൂടെയോ ആണ് രോഗം പകര്‍ന്നത് എന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

10 പേരും പ്രത്യേകം നിരീക്ഷണത്തിലാണ്. ജില്ലയിലെ മറ്റു ഭാഗങ്ങളിലും സിറിഞ്ച് പങ്കിടുന്നതിലൂടെ രോഗം ബാധിച്ചോ എന്നത് അന്വേഷിക്കുകയാണെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു. എച്ച്‌ഐവി പോസിറ്റീവ് ആയ ആളുകള്‍ക്ക് ചികിത്സയും കൗണ്‍സിലിങ്ങും നല്‍കുമെന്ന് ഡിഎംഒ അറിയിച്ചു.

രോഗം ബാധിച്ചവര്‍ ഒരേ സൂചി ഉപയോഗിച്ചതിനോടൊപ്പം ഉപയോഗിച്ച സൂചിയില്‍ വിതരണക്കാര്‍ വീണ്ടും ലഹരി നിറച്ച് ഉപയോഗിക്കാന്‍ നല്‍കുന്നതും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. ഡിഎംഒയുടെ നേതൃത്വത്തില്‍ പ്രത്യേകം യോഗം ചേരും. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരി ലഭിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം വേണം.

SCROLL FOR NEXT